അത് അവസാന കൂടിക്കാഴ്ച ആകുമെന്ന് കരുതിയില്ല- നടൻ വി പി ഖാലിദിന്റെ ഓർമ്മയിൽ സിനിമാലോകം

June 24, 2022

സിനിമാലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ടായിരുന്നു ചലച്ചിത്രതാരം വി പി ഖാലിദ് മരണത്തിന് കീഴടങ്ങിയത്. സിനിമ ചിത്രീകരണത്തിനിടെ ലൊക്കേഷനിലെ ശുചിമുറിയിൽ വീണ കിടക്കുന്ന നിലയിൽ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു.  നടന് പുറമെ ഛായാഗ്രഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകൻ ഖാലിദ് റഹ്മാൻ എന്നിവരുടെ പിതാവാണ് വി പി ഖാലിദ്. സിനിമ ലോകത്ത് നിന്നും നിരവധിപ്പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികളുമായി എത്തുന്നത്. ഇപ്പോഴിതാ തങ്ങളുടെ പ്രിയ സഹപ്രവര്‍ത്തകന്‍റെ അപ്രതീക്ഷിയ വിയോഗത്തിന്റെ വേദന പങ്കുവെക്കുകയാണ് നടി സ്നേഹ ശ്രീകുമാര്‍. ഇരുവരും ഒന്നിച്ച് വർഷങ്ങളോളം മറിമായം എന്ന പരമ്പരയിൽ അഭിനയിച്ചിരുന്നു.

‘ഞങ്ങടെ സുമേഷേട്ടൻ പോയി… മിനിഞ്ഞാന്ന് തൃപ്പൂണിത്തുറ ഞങ്ങടെ വീട്ടിൽ വന്നു ശ്രീകുമാറിനേം കൂട്ടിയാണ് വൈക്കത്തു ജൂഡ് ആന്റണിയുടെ സിനിമയിൽ അഭിനയിക്കാൻ പോയത്, അത് അവസാന കൂടിക്കാഴ്ച ആകുമെന്ന് കരുതിയില്ല.. ഇന്ന് രാവിലെ ശ്രീ വിളിച്ചു ഖാലിദിക്ക വീണു, ഹോസ്പിറ്റലിൽ പോകുവാണെന്നു പറഞ്ഞപ്പോൾ ഞാൻ വേഗം റെഡി ആയി വൈക്കത്തേക്ക് പുറപ്പെടാൻ പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ശ്രീ വിളിച്ചു ഖാലിദിക്ക പോയെന്നു പറഞ്ഞു… രാവിലെ മുതൽ ഇത്രയും നേരം സത്യം ആവരുതെന്നു പ്രാർത്ഥിച്ചു, വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു. ഞങ്ങടെ കാരണവർ, കൊച്ചിൻ നാഗേഷ്, സുമേഷേട്ടൻ പോയികളഞ്ഞു… മറിമായം അവസാന ഷൂട്ടിംഗിന് എടുത്ത ഫോട്ടോയാണ് ഇത്… എന്നും അഭിനയത്തോട് പ്രണയമായിരുന്നു സുമേഷേട്ടന്’- സ്നേഹ ശ്രീകുമാർ ഫേസ്ബുക്കിൽ കുറിച്ചു.

സ്‌കൂൾ കാലഘട്ടത്തിൽ നാടകത്തിലേക്ക് ചുവടുവെച്ച വി പി ഖാലിദ് പിന്നീട് പ്രൊഫഷണൽ നാടക രംഗത്തും ചുവടുറപ്പിച്ചു. 1973ൽ പുറത്തിറങ്ങിയ പെരിയാർ ആയിരുന്നു വി പി ഖാലിദിന്റെ ആദ്യ സിനിമ. പിന്നീട് സൺഡേ ഹോളിഡേ, കക്ഷി അമ്മിണിപ്പിള്ള തുടങ്ങിയ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചു. മമ്മൂട്ടി മുഖ്യകഥാപാത്രമായ പുഴുവാണ് അവസാനമായി പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ സിനിമ.

Read also: നടൻ വി.പി.ഖാലിദ് അന്തരിച്ചു

മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ സിനിമ- സീരിയൽ മേഖലയിൽ നിന്നും നിരവധി താരങ്ങൾ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

Story highlights: Heartfelt facebook post about actor VP Khalid