മരുന്നു കഴിക്കാൻ വേണ്ടി എച്ചിൽ കഴിക്കേണ്ടിവന്നിട്ടുണ്ട്; പ്രവാസ ജീവിതത്തിലെ നോവുന്ന അനുഭവങ്ങൾ പങ്കുവെച്ച് എലിസബത്ത്

June 18, 2022

ലോക കേരളസഭയിൽ തന്റെ പ്രവാസ ജീവിതത്തിലെ ഉള്ളുലയ്ക്കുന്ന അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് എലിസബത്ത് ജോസഫ്. കുടുംബത്തെ കരകയറ്റാനായി പ്രവാസി ആയതും അവിടെ അനുഭവിക്കേണ്ടിവന്ന വേദനകളുമാണ് എലിസബത്ത് ഈ വേദിയിൽ തുറന്ന് പറഞ്ഞത്. പ്രവാസ ജീവിതത്തിനിടെയിൽ മറ്റുള്ളവരുടെ എച്ചിൽ പോലും കഴിക്കേണ്ടി വന്നിട്ടുണ്ടെന്നും ക്രൂരമായി പെരുമാറിയത് ഒരു മലയാളി കുടുംബമാണെന്നും എലിസബത്ത് പറഞ്ഞത് വേദിയിൽ ഉള്ളവരുടെ മുഴുവൻ കണ്ണുകളെ ഈറനണിയിച്ചു. ഒമാനിലെ ഒരു മലയാളി കുടുംബത്തിൽ നിന്നും ഒരുപാട് ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വന്നതായും അവിടെ നിന്നും അതിസാഹസീകമായി രക്ഷപെട്ട് ഒരു ഒമാനി കുടുംബത്തിന്റെ കീഴിൽ എത്തിയതുമൊക്കെ വേദിയിൽ പങ്കുവയ്ക്കുന്നുണ്ട് എലിസബത്ത്.

ഇപ്പോഴിതാ എലിസബത്തിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് കേരള ആരോഗ്യമന്ത്രി വീണാ ജോർജ്.

‘ലോക കേരള സഭ എന്നാൽ വിജയിച്ച പ്രവാസികളുടെ കഥകൾ പറയുന്ന വേദിയാണ് എന്നാണ് പലരുടെയും തെറ്റിദ്ധാരണ. എന്നാൽ പ്രവാസി ജീവിതത്തിലെ മധുരവും കയ്പ്പും പ്രതീക്ഷയും പങ്കുവെയ്ക്കപ്പെടാൻ കഴിയുന്ന ഒരു വേദി എന്നതാണ് ലോക കേരള സഭയുടെ വിജയത്തിന്റെ ഒരു ഘടകം.

Read also: കാലുകൾ നഷ്ടമായി വീൽചെയറിൽ കൊടുമുടി കീഴടക്കി യുവാവ്- പ്രചോദനമായ ജീവിതം

31 വർഷത്തെ പ്രവാസ ജീവിതം എലിസബത്ത് ജോസഫ് ലോക കേരള സഭയ്ക്ക് മുന്നിൽ പങ്ക് വച്ചപ്പോൾ അത് നോവുന്ന വേദനയായി. മരുന്നു കഴിക്കാൻ വേണ്ടി എച്ചിൽ കഴിച്ചത് ഉൾപ്പെടെയുള്ള പ്രവാസ ജീവിത അനുഭവത്തിന്റെ തീവ്രത എലിസബത്തിന്റെ വാക്കുകളിലുണ്ടായിരുന്നു. കണ്ണീരോടെ അല്ലാതെ അനുഭവങ്ങൾ ഓർക്കാൻ എലിസബത്തിനെ കഴിയുമായിരുന്നില്ല. പ്രവാസജീവിതം കൂടുതൽ മികച്ചതാക്കാൻ എലിസബത്തിനെ പോലുള്ളവരുടെ ജീവിതാനുഭവങ്ങൾ കേരളസമൂഹത്തിന് വഴി കാട്ടിയാകും എന്ന കാര്യത്തിൽ സംശയമില്ല. ലോക കേരളസഭയുടെ സൗന്ദര്യവും അതാണ്’- ആരോഗ്യമന്ത്രി വീണാ ജോർജ് കുറിച്ചു.

Story highlights: Elizabeth joseph heart touching gulf experience