കാഴ്ചയിൽ ചെസ് ബോർഡ്, എന്നാൽ…?, കൗതുകമായി ഒരു വിഡിയോ

June 18, 2022

തലവാചകം വായിച്ച് ആശയക്കുഴപ്പത്തിലായോ..? പറഞ്ഞുവരുന്നത് കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു ചെസ് ബോർഡിനെക്കുറിച്ചുള്ള വാർത്തകളാണ്. ഇതൊരു സാധാരണ ചെസ് ബോർഡല്ല മറിച്ച് പ്രമുഖ പേസ്ട്രി ഷെഫ് ആയ അമൗരി ഗുചിന്റെ രുചികരമായ ഒരു ഭക്ഷണ വിഭവമാണ്. കാഴ്ചയിൽ കറുപ്പും വെളുപ്പും നിറത്തിൽ കളങ്ങളിൽ നിരന്നുനിൽക്കുന്ന രാജാവിനെയും പടയേയുമാണ് കാണാൻ കഴിയുക. എന്നാൽ ഇത് രുചികരമായ ചോക്ലേറ്റിൽ ഒരുക്കിയിരിക്കുന്ന ഒരു കേക്കാണ്.

അതേസമയം ഈ രുചികരമായ ചെസ് ബോർഡ് തയ്യാറാക്കുന്നതിന്റെ വിഡിയോയും ഷെഫ് സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. വിഡിയോ വൈറലായതോടെ ഈ ചോക്ലേറ്റ് ചെസ് ബോർഡിന്റെ പെർഫെക്ഷനും ഭംഗിയുമെല്ലാം എടുത്തുപറഞ്ഞുകൊണ്ട് നിരവധിപ്പേരും എത്തുന്നുണ്ട്. ഈ ചെസ് ബോർഡ് കണ്ടാൽ ഇത് യഥാർത്ഥ ചെസ് ബോർഡ് അല്ലെന്ന് ആരും പറയില്ല, അത്രയ്ക്ക് ഗംഭീരമായാണ് അമൗരി ഗുചിൻ ഇത് ഒരുക്കിയിരിക്കുന്നത് എന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.

Read also: സത്യസന്ധതയുടെ നിറകുടം, മറ്റൊരു കമ്പനിയിലെ ഇന്റർവ്യൂവിന് ലീവ് ചോദിച്ച് ജീവനക്കാരൻ; സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തി വൈറലായ ജീവനക്കാരന്റെ അവധി അപേക്ഷ

എന്നാൽ ഇതിന്റെ ഷെഫ് ഒരു മികച്ച ചെസ് കളിക്കാരനാണ് എന്ന് രസകരമായി പറയുന്നവരും നിരവധിയുണ്ട്. അതാണ് ഈ കേക്കിന് ഇത്ര പെർഫെക്ഷൻ എന്ന് പറഞ്ഞ് ഷെഫിന് അഭിനന്ദനങ്ങളുമായി ഒരുപാട് പേര് എത്തുന്നുണ്ട്. അദ്ദേഹം മികച്ചൊരു കലാകാരൻ ആണെന്ന് പറയുന്ന ആളുകൾ ഇനിയും ഇത്തരത്തിൽ രസകരവും കൗതുകം നിറഞ്ഞതുമായ വിഭവങ്ങൾ ഉണ്ടാക്കണമെന്നും അതിനായി കാത്തിരിക്കുകയാണ് എന്ന് പറഞ്ഞുകൊണ്ടും ആളുകൾ എത്തുന്നുണ്ട്.

അതേസമയം ഭക്ഷണത്തിൽ രുചിക്കൊപ്പം രൂപത്തിലും ഇത്തരം വ്യത്യസ്തതകൾ തേടുന്ന നിരവധിപ്പേർ നമുക്ക് ചുറ്റിലുമുണ്ട്. അത്തരത്തിൽ കൗതുകം നിറയ്ക്കുന്ന ഒട്ടനവധി ഭക്ഷണങ്ങളുടെ ചിത്രങ്ങളും വിഡിയോകളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ വൈറലായിട്ടുമുണ്ട്.

Story highlights: Incredible Chessboard Video Goes Trending