അന്ന് പറയാൻ മടിച്ചത് ഇന്ന് അഭിമാനത്തോടെ പറയും- ഞാനൊരു പൂക്കാരിയുടെയും മെക്കാനിക്കിന്റെയും മകനാണ്….പ്രചോദനമായൊരു ജീവിതകഥ

June 1, 2022

ഏറെ കഷ്‌ടപ്പാടുകളും നിരാശകളും നിറഞ്ഞ ജീവിത സാഹചര്യത്തിൽ ജീവിച്ചുവളർന്ന പലരും അവരുടെ കഠിനാധ്വാനം കൊണ്ട് ജീവിത വിജയം കണ്ടെത്തിയതിന്റെ നിരവധി കഥകൾ നാം കേട്ടിട്ടുണ്ട്. അത്തരത്തിൽ ഒരു യുവാവിന്റെയും കുടുംബത്തിന്റെയും കഥയാണ് ഇപ്പോൾ ഹ്യൂമൻസ് ഓഫ് ബോംബെ എന്ന സോഷ്യൽ മീഡിയ പേജിലൂടെ ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

ആദ്യമൊക്കെ ഒരു പൂക്കാരിയുടെയും മെക്കാനികിന്റെയും മകനാണ് എന്ന് പറയാൻ താൻ മടിച്ചിരുന്നു- ആ കാലത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ഈ യുവാവ് തന്റെ ജീവിതവിജയത്തിന്റെ കഥ പറഞ്ഞുതുടങ്ങുന്നത്. വളരെ ചെറിയ ഒരു ഒറ്റമുറി വീട്ടിൽ ആയിരുന്നു അക്കാലത്ത് താമസിച്ചിരുന്നത്. സാമ്പത്തീകമായി താഴ്ന്ന അവസ്ഥയിലായിരുന്നതിനാൽ പലരുടെയും കളിയാക്കലുകൾക്കും വിധേയരാകേണ്ടിവന്നിട്ടുണ്ട് എന്നാണ് അദ്ദേഹം കുറിയ്ക്കുന്നത്.

പൂക്കച്ചവടക്കാരി ആയിരുന്ന ‘അമ്മ ഒരിക്കൽ റെയിൽവേ പ്ലാറ്റ്‌ഫോമിൽ പൂക്കൾ വിറ്റതിന്റെ പേരിൽ അവിടെ നിന്നും ഇറക്കിവിട്ടിട്ടുണ്ട്. ഇത് തന്റെ സുഹൃത്തുക്കൾ അറിയാതിരിക്കാനായി താൻ ഒരുപാട് കള്ളങ്ങൾ പറഞ്ഞിരുന്നു. തന്റെ ഈ അവസ്ഥ ഒരിക്കലും മറ്റാരും അറിയരുതെന്നും ആഗ്രഹിച്ചിരുന്നു.

അതേസമയം തന്റെ മാതാപിതാക്കൾ മകൾക്ക് മികച്ച വിദ്യാഭ്യസം നൽകുന്നതിനായി ഒഴിഞ്ഞ വയറുമായി രാപ്പകൽ ഇല്ലാതെ ജോലി ചെയ്തു. അവർ ഒരിക്കലും അവരുടെ സന്തോഷത്തിനായി പുറത്ത് പോകുകയോ, റെസ്റ്റോറന്റുകളിൽ പോയി ഭക്ഷണം കഴിക്കുകയോ, നല്ല വസ്ത്രങ്ങൾ വാങ്ങിക്കുകയോ ചെയ്തിട്ടില്ല. അവരുടെ ഓരോ കഷ്ടപ്പാടുകളും തങ്ങളുടെ അവസ്ഥ മക്കൾക്ക് വരാതിരിക്കാനുള്ള അവരുടെ ശ്രമങ്ങളും കണ്ട് കുടുംബത്തെ ദാരിദ്രത്തിൽ നിന്നും കയറ്റണമെന്ന് താൻ ഉറപ്പിച്ചു.

Read also: ഉടമയ്ക്ക് ഭക്ഷണവുമായി ഓഫീസിലേക്ക് പോകുന്ന വളർത്തുനായ- വൈറൽ വിഡിയോ

അങ്ങനെ പഠനത്തിനൊപ്പം ജോലിയും ചെയ്ത് ഉയർന്ന ഒരു ജീവിത സാഹചര്യം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞതോടെ കുടുംബത്തിന്റെ അതുവരെയുണ്ടായിരുന്ന എല്ലാ ബുദ്ധിമുട്ടുകളും ഇല്ലാതായി. ആദ്യ ശമ്പളം കിട്ടിയപ്പോൾ അച്ഛനും അമ്മയ്ക്കും വസ്ത്രങ്ങൾ വാങ്ങിനല്കി. ആദ്യമായി അവരെ പുറത്ത് റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ കൊണ്ടുപോയി. ഒറ്റമുറി വീട്ടിൽ നിന്നും മുറികൾ ഉള്ള നല്ലൊരു വീട്ടിലേക്ക് താമസം മാറ്റി. കുട്ടിക്കാലത്ത് അവരെയോർത്ത് ലജ്ജിച്ചിരുന്നു. എന്നാൽ, ഇന്ന് ഞാൻ ഒരു ടിവി മെക്കാനിക്കിന്റെയും പൂക്കാരിയുടെയും മകനാണ് എന്നതിൽ അഭിമാനിക്കുന്നു എന്നും അദ്ദേഹം കുറിച്ചു.

Story highlights: Inspiring Story of a Flower Vendor son