‘ഇന്ത്യൻ താരങ്ങൾ ഇന്ത്യൻ കുപ്പായത്തിൽ തന്നെ കളിക്കും’; ബ്ലാസ്റ്റേഴ്‌സ്-ഇന്ത്യൻ ദേശീയ ടീം സൗഹൃദ മത്സരത്തിൽ കൂടുതൽ വ്യക്തതയുമായി കോച്ച് ഇവാൻ വുകോമനോവിച്ച്

June 22, 2022

കേരള ബ്ലാസ്റ്റേഴ്സും ഇന്ത്യൻ ദേശീയ ഫുട്‍ബോൾ ടീമും ഏറ്റുമുട്ടുന്നതിൽ വലിയ ആവേശത്തിലാണ് ഫുട്ബോൾ ആരാധകർ. വലിയ പ്രതീക്ഷയോടെയാണ് ആരാധകർ മത്സരത്തിനായി കാത്തിരിക്കുന്നത്. ഇരു ടീമുകളിലും അണിനിരക്കുന്നത് മികച്ച ഒരു കൂട്ടം താരങ്ങളായത് കൊണ്ട് തന്നെ വമ്പൻ പോരാട്ടമായിരിക്കും നടക്കാൻ പോവുന്നതെന്ന കാര്യത്തിൽ ആരാധകർക്ക് സംശങ്ങളൊന്നുമില്ല. സെപ്റ്റംബറിൽ കൊച്ചിയിൽ വച്ചാണ് മത്സരം നടക്കുന്നത്.

മത്സരത്തെ പറ്റിയുള്ള ചില കാര്യങ്ങളിൽ ഇപ്പോൾ വ്യക്തത വരുത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമനോവിച്ച്. നേരത്തെ ഇന്ത്യൻ ദേശീയ ടീമിൽ കളിക്കുന്ന ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ മത്സരത്തിൽ ഏത് ടീമിനൊപ്പം കളിക്കുമെന്ന് ചോദ്യങ്ങളുയർന്നിരുന്നു. ഈ ചോദ്യങ്ങൾക്ക് ഇപ്പോൾ മറുപടി പറഞ്ഞിരിക്കുകയാണ് കോച്ച് ഇവാൻ.

സഹൽ അഹമ്മദ് അടക്കമുള്ള താരങ്ങൾ ഇന്ത്യൻ ടീമിന്റെ കുപ്പായത്തിൽ തന്നെ മത്സരത്തിറങ്ങുമെന്നാണ് കോച്ച് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ദേശീയ ടീമിന്റെ നീല ജേഴ്‌സി അണിയുന്നതിൽ അഭിമാനമാണെന്നും ഇവാൻ കൂട്ടിച്ചേർത്തു. ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്‌മയായ മഞ്ഞപ്പടയും കേരളത്തിലെ ഫുട്ബാൾ ആരാധകരും ഇന്ത്യൻ ടീമിന് ഗംഭീര സ്വീകരണം ഒരുക്കുമെന്നും ഇവാൻ കൂട്ടിച്ചേർത്തു.

നേരത്തെ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം കേരളത്തിൽ പരിശീലനം നടത്തുമെന്ന് മുഖ്യപരിശീലകനായ ഇഗോർ സ്റ്റിമാച്ച് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്സും ഇന്ത്യൻ ദേശീയ ടീമും കൊച്ചിയിൽ ഏറ്റുമുട്ടുമെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമനോവിച്ച് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

Read More: ‘ഇനി അയാളുടെ കാലമല്ലേ’; മെസ്സിക്ക് ശേഷമാര് എന്നിനി ചോദിക്കരുതെന്ന് ആരാധകർ, പിൻഗാമിയെ കണ്ട് ഞെട്ടി ഫുട്‍ബോൾ ലോകം

സീസണിന് ശേഷം തിരികെ ബെൽജിയത്തിലേക്ക് പോയ ഇവാൻ അടുത്ത മാസം തന്നെ തിരികെ കൊച്ചിയിലെത്തും. അടുത്ത ഐഎസ്എൽ സീസണിലേക്ക് ഇപ്പോഴേ തയ്യാറെടുക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. ഇത്തവണ എന്തായാലും കപ്പടിക്കണം എന്ന വാശിയിൽ തന്നെയാണ് ഇവാനും ടീമും.

Story Highlights: Ivan vukomanovic about indian national team-kerala blasters friendly match