‘ജുറാസിക് വേൾഡ് ഡൊമിനിയൻ’ താരമായ മലയാളി വരദ സേതു ഇനി ഉണ്ണി മുകുന്ദന്റെ നായിക

June 11, 2022

ജുറാസിക് കാലഘട്ടത്തിന്റെ ഇതിഹാസ കഥപറഞ്ഞ സിനിമാ പരമ്പരയുടെ ആരാധകരല്ലാത്തവർ ചുരുക്കമാണ്. ഈ പരമ്പരയുടെ അവസാന ഭാഗമായ ‘ജുറാസിക് വേൾഡ് ഡൊമിനിയൻ’ തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഹോളിവുഡ് അഭിനേതാക്കളായ ക്രിസ് പ്രാറ്റ്, ബ്രൈസ് ഡാളസ് ഹോവാർഡ് എന്നിവർക്കൊപ്പം ‘ജുറാസിക് വേൾഡ് ഡൊമിനിയൻ’ എന്ന ചിത്രത്തിലെ അഭിനേതാക്കളിൽ യുകെ ആസ്ഥാനമായുള്ള മലയാളി പെൺകൊടി വരദ സേതുവും ഉണ്ട്.

ഷിര എന്ന കഥാപാത്രത്തെയാണ് വരദ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ, ജയരാജ് സംവിധാനം ചെയ്യുന്ന ‘പ്രമദവനം’ എന്ന ചിത്രത്തിലൂടെ താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ്. നടൻ ഉണ്ണി മുകുന്ദനാണ് തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിലിലൂടെ ഇക്കാര്യം അറിയിച്ചത്. സംവിധായകൻ ജയരാജ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. “ജുറാസിക് വേൾഡ് ഡൊമിനിയനിൽ” ഷിരയായി അഭിനയിച്ചതിന് ഞങ്ങളുടെ പ്രമദവനം നായിക വരദ സേതുവിന് അഭിനന്ദനങ്ങൾ” എന്നായിരുന്നു സംവിധായകന്റെ ഇൻസ്റ്റാഗ്രാം കുറിപ്പ്.

‘ജുറാസിക് വേൾഡ് ഡൊമിനിയൻ’ കൂടാതെ, നിരവധി ഹോളിവുഡ് സിനിമകളിലും ജനപ്രിയ ടിവി സീരീസുകളിലും വരദ സേതു പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. ആക്ഷൻ ത്രില്ലർ സിനിമയായ ‘നൗ യു സീ മീ 2’ ൽ നടി ഒരു പ്രധാന വേഷം ചെയ്തിരുന്നു. സ്റ്റാർ വാർസ് എന്ന ചിത്രത്തിലും പ്രധാന വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Read Also: സിനിമ ലൊക്കേഷനിൽവെച്ച് നടൻ പ്രേംനസീറിന്റെ കാലിൽ ചെറുതായൊന്ന് നുള്ളാനുണ്ടായ കാരണത്തെക്കുറിച്ച് മനസുതുറന്ന് ഇന്ദ്രൻസ്…

അതേസമയം, ‘പ്രമദവനം’ എന്ന ചിത്രത്തിൽ നടൻ ഉണ്ണി മുകുന്ദൻ നായകനാകുന്നു. കൂടാതെ നടൻ കൈലാഷും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ എഡിറ്റിംഗ് വിഭാഗം കൈകാര്യം ചെയ്യുന്നത് ദിലീപാണ്. സച്ചു സജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ചിത്രത്തിന്റെ സംഗീത വിഭാഗം ശ്രീനിഷ് കൈകാര്യം ചെയ്യുന്നു, ഗാനങ്ങൾ രചിക്കുന്നത് രാജീവാണ്.

Story highlights- ‘Jurassic World Dominion’ actor roped in for Unni Mukundan