അറുപതുവർഷങ്ങൾക്ക് മുൻപ് ഒപ്പം വേഷമിട്ട നടിയെ തിരിച്ചറിഞ്ഞ് കമൽഹസ്സൻ- അപൂർവ്വ നിമിഷം
നിരവധി അതുല്യ സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് കെ എസ് സേതുമാധവൻ. ഓടയിൽ നിന്ന്, അനുഭവങ്ങൾ പാളിച്ചകൾ എന്നിവയൊക്കെയാണ് അദ്ദേഹത്തെ ഇന്നും മലയാളികൾക്കിടയിൽ നിത്യവസന്തമാക്കുന്ന ചിത്രങ്ങൾ. ‘കണ്ണും കരളും’ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം സംവിധാന രംഗത്തേക്ക് എത്തിയത്. നടൻ കമൽഹാസൻ ബാലതാരമായി എത്തിയ ചിത്രം 1962ലായിരുന്നു റിലീസ് ചെയ്തത്.
വർഷങ്ങൾക്കിപ്പുറം കമൽഹാസൻ തെന്നിന്ത്യൻ സിനിമയിലെ സൂപ്പർതാരമായി നിലനിൽക്കുകയാണ്. അദ്ദേഹത്തിന്റെ ഓരോ സിനിമയും കേരളവും ആഘോഷമാക്കുന്നു. വിക്രം സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് കേരളത്തിൽ എത്തിയ കമൽഹാസന് ആവേശോജ്വലമായ സ്വീകരണമാണ് ഫ്ളവേഴ്സ് ടി വി ഒരുക്കിയിരുന്നത്. വിപുലമായ പരിപാടികൾക്ക് ഒപ്പം ‘കണ്ണും കരളും’ എന്ന ചിത്രത്തിൽ കമലിനൊപ്പം ബാലതാരമായി വേഷമിട്ട ഒരാൾ കൂടി എത്തിയിരുന്നു. മറ്റാരുമല്ല, വിനോദിനി ശശിമോഹൻ ആയിരുന്നു എത്തിയത്. അറുപതുവർഷങ്ങൾക്ക് മുൻപ് അഞ്ചാം വയസിൽ ആയിരുന്നു വിനോദിനി ആ ചിത്രത്തിൽ വേഷമിട്ടത്.
വിനോദിനിയുടെ പേരോ ചിത്രത്തിന്റെ പേരോ പറയാതെ ആളെ തിരിച്ചറിയാൻ പറ്റുമോ എന്ന ചോദ്യവുമായാണ് നടിയെ വേദിയിലേക്ക് സ്വീകരിച്ചത്. കണ്ടപ്പോൾ തന്നെ കണ്ണും കരളും എന്നുപറഞ്ഞ് കമൽഹാസൻ തിരിച്ചറിഞ്ഞു. വർഷങ്ങൾക്ക് മുൻപുള്ള ഓർമ്മകൾ ഇരുവരും പങ്കുവെച്ചു. മാത്രമല്ല, ചിത്രത്തിലെ ഗാനവും വരികളൊന്നും മറക്കാതെ പാടുകയും ചെയ്തു. വിനോദിനി പിന്നീട് നായികയായി തിളങ്ങി. ദേവി കന്യാകുമാരി എന്ന ചിത്രത്തിലായിരുന്നു വിനോദിനി നായികയായി അഭിനയിച്ചത്. കണ്ണും കരളും എന്ന ചിത്രത്തിൽ ഇരട്ടവേഷത്തിലായിരുന്നു വിനോദിനി അഭിനയിച്ചത്. വർഷങ്ങൾക്കിപ്പുറം ആദ്യ ചിത്രത്തിലെ സഹതാരത്തെ കണ്ട സന്തോഷം ഇരുവരും പങ്കുവെച്ചു. ഗുരു ഗോപിനാഥിന്റെ മകളാണ് വിനോദിനി. ഗുരു ഗോപിനാഥിന്റെ ശിഷ്യനായ തങ്കപ്പൻ മാസ്റ്ററുടെ ശിഷ്യനായിരുന്നു കമൽഹാസൻ. ആ ഓർമകളെല്ലാം നടൻ ഫ്ളവേഴ്സ് ടി വി നായകനേ ഉലകം വേദിയിൽ പങ്കുവെച്ചു.
Story highlights- KamalHaasan recognizes actress who acted with him 60 years ago