കേരള ബ്ലാസ്റ്റേഴ്സിനോട് ഏറ്റുമുട്ടാൻ ഇന്ത്യൻ ദേശീയ ടീമെത്തുന്നു; പോരാട്ടം ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം തട്ടകമായ കൊച്ചിയിൽ

June 21, 2022

ഇന്ത്യ മുഴുവൻ വലിയ ആരാധക വൃന്ദമുള്ള ഫുട്‍ബോൾ ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഐഎസ്എല്ലിൽ ഏറ്റവും കൂടുതൽ ആരാധകരുടെ പിന്തുണ ലഭിച്ചിട്ടുള്ള ടീം കൂടിയാണ് ബ്ലാസ്റ്റേഴ്‌സ്. ‘മഞ്ഞപ്പട’ എന്നറിയപ്പെടുന്ന ബ്ലാസ്റ്റേഴ്സിന്റെ ആരാധക സംഘത്തിന്റെ ടീമിനോടുള്ള ആവേശം പലപ്പോഴും എതിർ ടീമുകൾക്ക് വലിയ അദ്‌ഭുതമായി മാറിയിട്ടുണ്ട്.

ഇപ്പോൾ ഒരു മത്സരത്തെ കുറിച്ചുള്ള വാർത്തകളാണ് ആരാധകർക്ക് ആവേശമാവുന്നത്. ഇന്ത്യൻ ദേശീയ ടീമും കേരള ബ്ലാസ്റ്റേഴ്സും സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടാൻ ഒരുങ്ങുന്നുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം തട്ടകമായ കൊച്ചിയിലാണ് മത്സരം നടക്കുകയെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.

നേരത്തെ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം കേരളത്തിൽ പരിശീലനം നടത്തുമെന്ന് മുഖ്യപരിശീലകനായ ഇഗോർ സ്റ്റിമാച്ച് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്സും ഇന്ത്യൻ ദേശീയ ടീമും കൊച്ചിയിൽ ഏറ്റുമുട്ടുമെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമനോവിച്ച് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

അതേ സമയം ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിൽ നടന്ന ഐഎസ്എൽ ഫൈനൽ മത്സരത്തിൽ ആറ് വർഷം മുൻപത്തെ ചരിത്രം അതേപടി ആവർത്തിക്കുക ആയിരുന്നു. ഒരു മലയാളി നേടിയ ഗോളിലൂടെ ലീഡ് നേടി വിജയ പ്രതീക്ഷകൾ നിലനിർത്തിയ ബ്ലാസ്റ്റേഴ്‌സ് ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ട് എന്ന കടമ്പയിൽ തട്ടി വീണ്ടും വീഴുകയായിരുന്നു. വലിയ ആവേശത്തോടെ ലോകമെങ്ങും ഫൈനൽ മത്സരം കണ്ട കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വലിയ നിരാശ നൽകി ഹൈദരാബാദ് എഫ്‌സി കന്നിക്കിരീടം നേടുകയും ചെയ്‌തു.

Read More: ‘ഇനി അയാളുടെ കാലമല്ലേ’; മെസ്സിക്ക് ശേഷമാര് എന്നിനി ചോദിക്കരുതെന്ന് ആരാധകർ, പിൻഗാമിയെ കണ്ട് ഞെട്ടി ഫുട്‍ബോൾ ലോകം

സീസണിന് ശേഷം തിരികെ ബെൽജിയത്തിലേക്ക് പോയ ഇവാൻ അടുത്ത മാസം തന്നെ തിരികെ കൊച്ചിയിലെത്തും. അടുത്ത ഐഎസ്എൽ സീസണിലേക്ക് ഇപ്പോഴേ തയ്യാറെടുക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. ഇത്തവണ എന്തായാലും കപ്പടിക്കണം എന്ന വാശിയിൽ തന്നെയാണ് ഇവാനും ടീമും.

Story Highlights: Kerala blasters match against indian national football team at kochi