സുഹൃത്തുക്കൾക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്ത് മമ്മൂട്ടിയും, വിഡിയോ

June 27, 2022

അഭിനയമികവുകൊണ്ടും ലാളിത്യംകൊണ്ടും മലയാളി ഹൃദയങ്ങളിൽ സ്ഥാനംനേടിയ മെഗാസ്റ്റാർ മമ്മൂട്ടിയുടെ വിശേഷങ്ങൾക്കായി കാത്തിരിക്കാറുണ്ട് ആരാധകർ. താരത്തിന്റെ സിനിമ വിശേഷങ്ങൾക്കൊപ്പം തന്നെ കുടുംബവിശേഷങ്ങളും അദ്ദേഹം ചെയ്യുന്ന സാമൂഹ്യപ്രവർത്തനങ്ങളുമൊക്കെ ഏറ്റെടുക്കുന്ന പ്രേക്ഷകകർക്കിടയിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് ചലച്ചിത്രതാരങ്ങളുടെ കൂട്ടായ്മയായ ‘അമ്മ ജനറൽ ബോഡി മീറ്റിങ്ങിൽ എത്തിയപ്പോഴുള്ള അദ്ദേഹത്തിന്റെ വിഡിയോയാണ്.

മീറ്റിങ്ങിന് ശേഷം എല്ലാവരും ചേർന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ്. ഫോട്ടോയ്ക്കായി സുഹൃത്തുക്കൾക്കൊപ്പം നിലത്തിരിക്കുകയാണ് മമ്മൂട്ടിയും. താരപരിവേഷങ്ങളില്ലാതെ എല്ലാവർക്കുമൊപ്പം ചേർന്നിരുന്ന് വിശേഷങ്ങൾ പങ്കുവയ്ക്കുന്ന അദ്ദേഹത്തെയാണ് വിഡിയോയിൽ കാണുന്നത്.

ഞായറാഴ്ച കൊച്ചിയിൽ ചേർന്ന ജനറൽ ബോഡി മീറ്റിങ്ങിൽ സിനിമ ലോകത്തെ നിരവധി പ്രമുഖരും എത്തിയിരുന്നു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ മുതിർന്ന താരങ്ങൾക്കൊപ്പം യുവതാരങ്ങളായ ടൊവിനോ തോമസ്, ആസിഫ് അലി തുടങ്ങിയവരുടെ വലിയ നിരയും എത്തി. അതേസമയം ജനറൽ ബോഡിയിൽ ചലച്ചിത്രതാരം സുരേഷ് ഗോപിയുടെ പിറന്നാളും എല്ലാവരും ചേർന്ന് ആഘോഷിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും നേരത്തെ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read also; മരക്കാറിനും ഹൃദയത്തിനും ശേഷം ഹിറ്റ് ജോഡികൾ വീണ്ടുമൊന്നിക്കുന്നു; പ്രണവ്- കല്യാണി പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ

അതേസമയം മമ്മൂട്ടിയുടേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം പുഴുവാണ്. ഒടിടി പ്ലാറ്റ്‌ഫോമിലൂടെ എത്തിയ ചിത്രത്തിൽ നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. പാർവതി തുരുവോത്താണ് സിനിമയിൽ മറ്റൊരു മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്‌. കാലികപ്രസക്തമായ വിഷയമാണ് സിനിമയിൽ കൈകാര്യം ചെയ്തിരിക്കുന്നത്. സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്. അതേസമയം മമ്മൂട്ടിയുടേതായി അടുത്തിടെ റിലീസ് ചെയ്ത ഭീഷ്മ പർവ്വം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. വൻതാരനിരകൾ ഒന്നിച്ച ചിത്രം അമൽ നീരദാണ് സംവിധാനം ചെയ്തത്.

Story highlights: Mammootty group photo shooting goes viral