വിവാഹശേഷം സിനിമാതിരക്കുകളിലേക്ക്; നയൻതാര- ഷാരൂഖ് ഖാൻ ചിത്രം ഒരുങ്ങുന്നു

June 16, 2022

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ടതാരമാണ് നയൻതാര. സിനിമ വിശേഷങ്ങൾക്കൊപ്പം തന്നെ താരത്തിന്റെ കുടുംബവിശേഷങ്ങളും ആരാധകർ സ്വീകരിക്കാറുണ്ട്. ജൂൺ ഒമ്പതിനായിരുന്നു സംവിധായകൻ വിഘ്‌നേശ് ശിവനുമായുള്ള നയൻതാരയുടെ വിവാഹം. വർഷങ്ങളായുള്ള പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ നിരവധിപ്പേർ ഇരുവരുടെയും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതും ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. വിവാഹത്തിന് ശേഷം കേരളത്തിൽ എത്തിയ നവദമ്പതികളുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ വിവാഹശേഷം സിനിമാ തിരക്കുകളിലേക്ക് സജീവമാകാൻ ഒരുങ്ങുന്ന നയൻതാരയുടെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. സംവിധായകൻ ആറ്റ്ലിയുടെ ചിത്രത്തിലാണ് നയൻതാര അഭിനയിക്കുന്നത്. അതേസമയം ആറ്റ്ലി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിയ്ക്കുന്ന ചിത്രത്തിൽ ഷാരൂഖ് ഖാനും നയന്താരയുമാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജവാൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നയൻതാര അന്വേഷണ ഉദ്യോഗസ്ഥയായും ബോളിവുഡ് താരം ഷാരൂഖ് ഖാൻ അച്ഛനും മകനുമായി ഇരട്ടവേഷത്തിലുമാണ് എത്തുന്നത് എന്നാണ് സൂചന. ചിത്രത്തിൽ നടി പ്രിയാ മണിയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.  ഇവർക്ക് പുറമെ സാനിയ മൽഹോത്ര, സുനിൽ ഗ്രോവർ എന്നിവരും ജവാനിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Read also: ഒരുസെക്കന്റിന്റെ വ്യത്യാസത്തിൽ കുതിരയെ ഓടി തോൽപ്പിച്ച് യുവാവ്! താണ്ടിയത് 35 കിലോമീറ്റർ

നയന്താരയുടേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം കാത്തുവാക്കുള്ളെ രണ്ടു കാതൽ ആണ്. ത്രികോണ പ്രണയകഥ പറഞ്ഞ ചിത്രത്തിൽ വിജയ് സേതുപതി, സാമന്ത എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഘ്‌നേഷ് ശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ചിത്രമാണ് ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ. ചിത്രത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്, മുഹമ്മദ് മോബി, പ്രഭു, കലാ മാസ്റ്റർ, എം. ഇദയകല, സീമ, റെഡിൻ കിംഗ്സ്ലി അർനോൾഡ്, ലോലു സഭാ മാരൻ, മാസ്റ്റർ ഭാർഗവ് സുന്ദർ എന്നിവരും അഭിനയിച്ചിരുന്നു. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ‘ഒ 2’, ഗോൾഡ് എന്നിവയാണ് റിലീസിനൊരുങ്ങുന്ന നയൻതാര ചിത്രങ്ങൾ.

Story highlights: Nayanthara with shah rukh khan movie