ആകാശത്ത് തെളിഞ്ഞ് പൃഥ്വിരാജ്; ഇനി ‘കടുവ’യ്ക്കായുള്ള കാത്തിരിപ്പ്

June 30, 2022

പ്രേക്ഷകർ കാത്തിരിക്കുന്ന പൃഥ്വിരാജ് സുകുമാരൻ ചിത്രമാണ് കടുവ. ചിത്രം റിലീസിനൊരുങ്ങുമ്പോൾ ഏറെ ശ്രദ്ധനേടുകയാണ് ചിത്രത്തിന്റെ വ്യത്യസ്ത പ്രൊമോഷൻ രീതികൾ. ദുബായ് ആകാശത്ത് ചിത്രത്തിന്റെ ഡ്രോണ്‍ പ്രദര്‍ശനം നടത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ഡ്രോണുകള്‍ ഉപയോഗിച്ച് ആകാശത്ത് ചിത്രത്തിന്റെ പേരും പൃഥ്വിരാജ് സുകുമാരന്റെ രേഖാചിത്രവുമൊക്കെ തെളിയിച്ചിരിക്കുകയാണ്.

അതേസമയം ഇതാദ്യമായാണ് ഒരു ഇന്ത്യൻ സിനിമയുടെ പ്രൊമോഷൻ ഇത്തരത്തിൽ നടക്കുന്നത്. പൃഥ്വിരാജ് തന്നെയാണ് ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതും. തന്റെ ചിത്രവും സിനിമയുടെ പേരും എന്നതിലുപരി മലയാളം അക്ഷരങ്ങൾ ഇത്തരത്തിൽ ആകാശത്ത് ഉയർന്നതാണ് തന്നെ കൂടുതൽ സന്തോഷിപ്പിച്ചതിനും ഇത് അഭിമാനത്തിന്റെ നിമിഷമാണെന്നും പൃഥ്വിരാജ് പറഞ്ഞു. ജൂലൈ ഏഴിന് ആയിരിക്കും ഷാജി കൈലാസ് ചിത്രം കടുവ തിയേറ്ററുകളിൽ എത്തുക.

പ്രഖ്യാപനം മുതൽക്കേ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ‘കടുവ’. കടുവാക്കുന്നേല്‍ കുറുവച്ചൻ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് ചിത്രത്തിൽ അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനൻ, വിജയരാഘവൻ, അജു വര്‍ഗീസ്, ഹരിശ്രീ അശോകൻ, രാഹുല്‍ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. വിവേക് ഒബ്‍റോയ് ആണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്.

Read also: പാട്ട് മാത്രമല്ല സ്‌പീച്ചും പറയാനറിയാം മേഘ്‌നക്കുട്ടിക്ക്; ഹൃദയം കവർന്ന് കുഞ്ഞുഗായിക

ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന. ജിനു വി എബ്രഹാം ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രവി കെ ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഷമീര്‍ മുഹമ്മദ് ചിത്രസംയോജനം നിര്‍വഹിക്കുന്നു. തെന്നിന്ത്യന്‍ സംഗീതഞ്ജന്‍ എസ് തമന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.

Story highlights: Prithviraj Sukumaran starrer Kaduva drone show in Dubai