പതിനൊന്ന് വർഷങ്ങൾക്ക് ശേഷം സോഷ്യൽ മീഡിയയുടെ മനം കവർന്ന് പൃഥ്വിരാജ്- സുപ്രിയ വിവാഹ വിഡിയോ

June 29, 2022

മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ- സുപ്രിയ മേനോൻ ദമ്പതികളുടെ വിവാഹ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ വൈറലാകുന്നത്. വിവാഹം കഴിഞ്ഞ് പതിനൊന്ന് വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് ഇരുവരുടെയും വിവാഹ വിഡിയോ ആരാധകർക്കിടയിലേക്ക് എത്തുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. അതേസമയം സിനിമ വിശേഷങ്ങളും കുടുംബവിശേഷങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുള്ള താരങ്ങളാണ് പൃഥ്വിരാജും സുപ്രിയയുമെങ്കിലും മകൾ അലംകൃതയുടെ ചിത്രങ്ങൾ ഇരുവരും സോഷ്യൽ ഇടങ്ങളിൽ വളരെ വിരളമായി മാത്രമേ പങ്കുവയ്ക്കാറുള്ളു. ഇപ്പോഴിതാ വളരെ അവിചാരിതമായി ലഭിച്ച ഇരുവരുടെയും വിവാഹ വിഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

പാലക്കാട് വെച്ച് വളരെ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തതും. 2011 ലാണ് ഇരുവരും വിവാഹിതരായത്. മാധ്യമപ്രവർത്തകയായ സുപ്രിയ, ഒരഭിമുഖത്തിനായി പൃഥ്വിരാജിനെ വിളിക്കുകയും സൗഹൃദത്തിലാകുകയും പിന്നീട് പ്രണയത്തിലാകുകയുമായിരുന്നു.

Read also: രാകേന്ദു കിരണങ്ങൾ ഒളി വീശിയില്ല… അവളുടെ രാവുകളിലെ പാട്ടുപാടി അമൃതവർഷിണി, പ്രശംസകൊണ്ട് മൂടി ജഡ്ജസ്

അതേസമയം സിനിമ തിരക്കുകളിലാണ് പൃഥ്വിരാജിപ്പോൾ. താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങളാണ് ആടുജീവിതം, കടുവ എന്നിവ. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി പ്രശസ്ത ചലച്ചിത്രകാരൻ ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടുജീവിതം. ഈ ചിത്രത്തിലെ കഥാപാത്രത്തിനായി ശരീരഭാരം കുറച്ച് രൂപാന്തരം വരുത്തിയ പൃഥ്വിയുടെ ചിത്രങ്ങളും സിനിമ വിശേഷങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു. അടുത്തിടെയാണ് സിനിമയുടെ ജോർദാനിലെ ചിത്രീകരണം പൂർത്തിയാക്കി പൃഥ്വിരാജും സംഘവും നാട്ടിലെത്തിയത്.

പൃഥ്വിരാജ് നായകനാകുന്ന കടുവ ജൂൺ 30 ന് തിയേറ്ററിൽ എത്തും. കടുവാക്കുന്നേല്‍ കുറുവച്ചൻ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് ചിത്രത്തിൽ അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ആദം ജോൺ എന്ന പൃഥ്വിരാജ് ചിത്രത്തിന്റെ സംവിധായകനായ ജിനു എബ്രഹാമാണ് ‘കടുവ’യുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനൻ, വിജയരാഘവൻ, അജു വര്‍ഗീസ്, ഹരിശ്രീ അശോകൻ, രാഹുല്‍ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. വിവേക് ഒബ്‍റോയ് ആണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്.

Story highlights; Prithviraj Sukumaran Supriya wedding video