‘താര ലേലത്തിൽ ആരും വാങ്ങാനുണ്ടായിരുന്നില്ല, ഒടുവിൽ ആത്മവിശ്വാസം തന്നത് ഹർദിക് പാണ്ഡ്യ’; ഗുജറാത്ത് ടൈറ്റൻസിനൊപ്പമുള്ള ഐപിഎൽ സീസണിലെ മികച്ച അനുഭവങ്ങളെ പറ്റി വൃദ്ധിമാൻ സാഹ

June 4, 2022

ഗുജറാത്ത് ടൈറ്റൻസിന്റെ ഐപിഎൽ കിരീട നേട്ടത്തിൽ നിർണായക പങ്ക് വഹിച്ച താരമാണ് വൃദ്ധിമാൻ സാഹ. താരലേലത്തിൽ വാങ്ങാൻ ആരും താൽപര്യം കാണിക്കാതിരുന്ന സാഹയെ ലേലത്തിന്റെ രണ്ടാം ദിവസം ഗുജറാത്ത് ടൈറ്റൻസാണ് വാങ്ങിയത്.

ടീമിലെത്തിയെങ്കിലും ആദ്യ മത്സരങ്ങളിൽ അന്തിമ ഇലവനിൽ സ്ഥാനം കണ്ടെത്താൻ സാഹയ്ക്ക് കഴിഞ്ഞിരുന്നില്ല. പിന്നീടുള്ള മത്സരങ്ങളിൽ ഓപ്പണറായി ഇറങ്ങിയ സാഹ മികച്ച പ്രകടനമാണ് ടീമിന് വേണ്ടി കാഴ്ച്ചവെച്ചത്. സീസണിൽ 11 മത്സരങ്ങൾ മാത്രം കളിച്ച സാഹ 3 അർധ സെഞ്ചുറിയടക്കം 317 റൺസാണ് നേടിയത്.

ഇപ്പോൾ മികച്ച പ്രകടനം പുറത്തെടുക്കാൻ തനിക്ക് ആത്മവിശ്വാസം നൽകിയത് ഗുജറാത്ത് നായകനായ ഹർദിക് പാണ്ഡ്യയാണെന്നാണ് സാഹ പറയുന്നത്. ഐപിഎല്ലിൽ നിരവധി ടീമുകൾ വേണ്ടാന്ന് വെച്ച താരങ്ങളിൽ ഹർദിക് പാണ്ഡ്യ വിശ്വാസമർപ്പിച്ചുവെന്നും ഓരോ കളിക്കാരനോടും അവരുടെ രീതികൾ കൃത്യമായി മനസ്സിലാക്കാൻ ശ്രമിച്ചു കൊണ്ടാണ് അവരിൽ നിന്ന് മികച്ച പ്രകടനം പുറത്തെടുക്കാൻ പാണ്ഡ്യ ശ്രമിച്ചതെന്നും സാഹ കൂട്ടിച്ചേർത്തു. ഇതാണ് അദ്ദേഹത്തെ ഒരു മികച്ച നായകനാക്കിയതെന്നും സാഹ പറഞ്ഞു.

അതേ സമയം അഹമ്മദാബാദ് സ്റ്റേഡിയത്തിൽ ആർപ്പുവിളിച്ച സ്വന്തം ആരാധകർക്ക് മുൻപിൽ അരങ്ങേറ്റ ഐപിഎൽ സീസണിൽ തന്നെ കിരീടം നേടുകയായിരുന്നു ഹർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസ്. ഫൈനലിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 131 റൺസ് വിജയലക്ഷ്യം 18.1 ഓവറിൽ 3 വിക്കറ്റ് നഷ്‌ടത്തിലാണ് ഗുജറാത്ത് മറികടന്നത്.

Read More: രാജസ്ഥാൻ റോയൽസിന്റെ 250–ാം നമ്പർ ജേഴ്‌സിയിൽ ഇനി സുരേഷ് ഗോപി; സ്നേഹോപഹാരത്തിന് സഞ്ജു സാംസണും ടീമിനും നന്ദി പറഞ്ഞ് നടൻ

തുടക്കം മുതൽ വിക്കറ്റുകൾ നഷ്ടപ്പെടുത്താതെ ശ്രദ്ധയോടെ കളിച്ച ഗുജറാത്ത് അവസാന പന്തുകളിൽ ആഞ്ഞടിക്കുകയായിരുന്നു. സീസണിലുടനീളം മികച്ചതും സ്ഥിരതയാർന്നതുമായ പ്രകടനം കാഴ്‌ചവെച്ച ഗുജറാത്ത് പൂർണമായും അർഹിക്കുന്നതായിരുന്നു ഈ കിരീടനേട്ടം.

Story Highlights: Saha about hardik pandya giving him confidence