ഈ രാവും മായുമ്പോൾ; ഷാൻ റഹ്മാന്റെ സംഗീതത്തിൽ മറ്റൊരു പ്രണയഗാനം കൂടി…

June 25, 2022

കുറഞ്ഞ കാലയളവിനുള്ളിൽ മികവുറ്റ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ എത്തിച്ച ഷെയിൻ നിഗത്തിന്റേതായി വെള്ളിത്തിരയിൽ ഒരുങ്ങുന്ന ചിത്രമാണ് ഉല്ലാസം. ചിത്രത്തിൽ പുതിയ ലുക്കിലാണ് ഷെയ്ൻ നിഗം എത്തുന്നത്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ട്രെയ്‌ലറും ഗാനങ്ങളുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഈ രാവും’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അക്ബർ ഖാൻ ആണ്. ബി കെ ഹരിനാരായണന്റെ വരികൾക്ക് ഷാൻ റഹ്മാൻ ആണ് സംഗീതം പകർന്നിരിക്കുന്നത്.  ഷാൻ റഹ്മാന്റെ സംഗീതം തന്നെയാണ് പാട്ടിന്റെ മുഖ്യാകർഷണവും.

നവാഗതനായ ജീവൻ ജോജോയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പവിത്ര ലക്ഷ്മിയാണ് സിനിമയിൽ ഷെയ്‌നിന്റെ നായികയായി വേഷമിടുന്നത്. നിരവധി ഹ്രസ്വ ചിത്രങ്ങളിലൂടെയും പരസ്യ ചിത്രങ്ങളിലൂടെയും ശ്രദ്ധ നേടിയ പവിത്ര ആദ്യമായി നായികയായി എത്തുന്ന ചിത്രമാണ് ഉല്ലാസം. പ്രവീൺ ബാലകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം കൈതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പാണ്. തെന്നിന്ത്യയിലെ പ്രശസ്ത നൃത്ത സംവിധായകൻ ബാബ ഭാസ്കറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

അതേസമയം കുറഞ്ഞ കാലയളവിനുള്ളിൽ സിനിമയിൽ ശ്രദ്ധ നേടിയ യുവതാരങ്ങളിൽ ഒരാളാണ് ഷെയ്ൻ നിഗം. താരത്തിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന മറ്റൊരു ചിത്രമാണ് ‘ഡാനിയേൽ കേൾക്കുന്നുണ്ട്’. ചിത്രം സംവിധാനം ചെയ്യുന്നത് ജോണി ആന്റണിയാണ്. ചിത്രത്തിനായി തിരക്കഥ രചിച്ചിരിക്കുന്നത് നവാഗതനായ അനില്‍ ലാലാണ്. ഭൂതകാലമാണ് ഷെയ്ൻ നിഗത്തിന്റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം. മികച്ച സ്വീകാര്യത നേടിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാഹുൽ സദാശിവൻ ആണ്.

Read also: മരക്കാരിനും ഹൃദയത്തിനും ശേഷം ഹിറ്റ് ജോഡികൾ വീണ്ടുമൊന്നിക്കുന്നു; പ്രണവ്- കല്യാണി പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ

ഹൊറർ സിനിമയായി ഒരുങ്ങിയ ഭൂതകാലത്തിൽ ഷെയിൻ നിഗവും രേവതിയും അസാമാന്യ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഇന്ത്യയൊട്ടാകെയുള്ള നിരവധി സിനിമാപ്രവർത്തകർ ചിത്രത്തെ കുറിച്ചുള്ള മികച്ച അഭിപ്രായങ്ങൾ പങ്കുവെച്ചിരുന്നു. മാനസിക പിരിമുറുക്കം നേരിടുന്ന ഒരമ്മയും മകനും ജീവിക്കുന്ന വീട്ടിൽ നടക്കുന്ന ദുരൂഹമായ സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

Story highlights: Shaan Rahman Ee Raavum Video Song hits