ചലച്ചിത്രതാരം വിക്രം ആശുപത്രിയിൽ

July 8, 2022

ചലച്ചിത്രതാരം വിക്രം ആശുപത്രിയിൽ. നെഞ്ചുവേദനയെത്തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് താരത്തെ ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ് എന്നുമാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ, കോബ്ര എന്നിവയാണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ. വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിൽ ഐശ്വര്യ റായ്, ജയം രവി, പാർത്ഥിപൻ, സത്യരാജ്, തൃഷ, ജയറാം, ശോഭിതാ ദുലിപാല, ജയചിത്ര, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ബാബു ആന്റണി തുടങ്ങിയ താരനിരകൾക്കൊപ്പമാണ് വിക്രവും എത്തുന്നത്. ആദിത്യ കരികാലൻ എന്ന കഥാപാത്രത്തെയാണ് സിനിമയിൽ താരം അവതരിപ്പിക്കുക.

വിക്രമിന്റെതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം അജയ് ജ്ഞാനമുത്തു ഒരുക്കുന്ന കോബ്രയാണ്. ചിത്രം ആഗസ്റ്റ് 11 ന് തിയേറ്ററുകളിൽ എത്തും എന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്. നിരവധി വ്യത്യസ്ത ഗെറ്റപ്പിൽ താരം എത്തുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ നേരത്തെ ചലച്ചിത്രലോകത്ത് ചർച്ചയായിരുന്നു. ഒന്നും രണ്ടുമല്ല ഏഴ് വ്യത്യസ്ത വേഷത്തിലാണ് ചിത്രത്തിൽ വിക്രം പ്രത്യക്ഷപ്പെടുന്നത്. അതേസമയം സംഗീത മാന്ത്രികൻ എ ആർ റഹ്മാനാണ് സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. 

എല്ലാ പ്രശ്‌നങ്ങള്‍ക്കും മാത്തമാറ്റിക്കല്‍ പരിഹാരമുണ്ട് എന്ന ടാഗ്- ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേയ്‌ക്കെത്തുക. അതേസമയം നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ടീസറിനും വിക്രമിന്റെ മേക്കോവർ ചിത്രങ്ങൾക്കും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ബിഗ് ബജറ്റിലൊരുങ്ങുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘കോബ്ര’. നേരത്തെയും വേഷപ്പകർച്ചകൊണ്ട് സിനിമ മേഖലയെ മുഴുവൻ ഞെട്ടിച്ച ചലച്ചിത്ര താരമാണ് വിക്രം. താരത്തിൻറേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയത് മഹാൻ ആണ്. മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചത്.

Story highlights: Actor Vikram Hospitalised