മമ്മൂട്ടിയ്ക്കൊപ്പം ആസിഫ് അലിയും; റോഷാക്ക് വിശേഷങ്ങൾ…

July 1, 2022

സിനിമ പ്രേമികൾ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘റോഷാക്ക്’. പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം അതിഥി താരമായി ആസിഫ് അലിയും എത്തുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിന് ശേഷം നിസ്സാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലർ സ്വഭാവമുള്ളതാണ്. സിനിമയുടെ ചിത്രീകരണം പൂർത്തിയായതായി അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

പ്രഖ്യാപനം മുതൽ ചിത്രത്തിന്റെ പേര് ഏറെ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. ഒപ്പം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വളരെയേറെ ശ്രദ്ധനേടിയിരുന്നു. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലിസ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് സമീർ അബ്ദുൾ ആണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

Read also: നടൻ ജയറാമിന്റെ സഹോദരിയാണോ..? സുമ ജയറാമിനോട് ഏറ്റവും കൂടുതൽ ആളുകൾ ചോദിച്ചിരുന്ന ചോദ്യം, ഉത്തരവുമായി ചലച്ചിത്രതാരം…

അതേസമയം ചിത്രത്തിന്റെ പേരിനെ സംബന്ധിച്ച് ചർച്ചകൾ വന്നതിന് പിന്നാലെ, റോഷാക്ക് എന്നാൽ എന്താണെന്ന് വെളിപ്പെടുത്തുന്ന നിരവധി കുറിപ്പുകളും പുറത്തുവന്നിരുന്നു. റോഷാക്ക് ടെസ്റ്റ് ഒരു തന്ത്രപരമായ സൈക്കോളജിക്കൽ ടെസ്റ്റാണ്. ഒരു പേപ്പറിൽ മഷി ഒഴിച്ച് നടുവേ മടക്കി നിവർത്തുമ്പോൾ, രണ്ട് വശവും ഏതാണ്ട് ഒരേപോലെ തെളിയുന്ന കൃത്യതയില്ലാത്ത ചിത്രം കാണിച്ച്, മുന്നിലുള്ളയാൾ അതിൽ എന്ത് കാണുന്നു എന്നതിൻ്റെ അടിസ്ഥാനത്തിൽ ചില ധാരണകൾ രേഖപ്പെടുത്തുകയും, തുടർന്ന് മനഃശാസ്ത്രപരമായ വ്യാഖ്യാനമോ അല്ലെങ്കിൽ സങ്കീർണ്ണമായ അൽഗോരിതങ്ങളോ അല്ലെങ്കിൽ രണ്ടും കൂടിയോ ഉപയോഗിച്ചോ അയാളെക്കുറിച്ച് കൃത്യമായ വിശകലനം ചെയ്യുന്ന ഒരു പ്രക്രിയയാണ് റോഷാക്ക്.

അതേസമയം പുഴുവാണ് മമ്മൂട്ടിയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. കുറ്റവും ശിക്ഷയുമാണ് ഏറ്റവും അവസാനം പുറത്തുവന്ന ആസിഫ് അലി ചിത്രം.

Story highlights; Asif Ali with Mammootty in Rorschach movie