വെള്ളത്തിന് മുകളിൽ 50 അടി വലുപ്പത്തിൽ ഒരുങ്ങിയ കമൽ ഹാസൻ; കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി ഡാവിഞ്ചി സുരേഷ്

അതിശയിപ്പിക്കുന്ന കലാമികവുകൊണ്ട് ശ്രദ്ധേയനാണ് ഡാവിഞ്ചി സുരേഷ് എന്ന കലാകാരന്‍. അദ്ദേഹത്തിന്റെ അത്ഭുതപ്പെടുത്തുന്ന സൃഷ്ടികളില്‍ പലതും സൈബര്‍ ഇടങ്ങളിലും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ തെന്നിന്ത്യൻ സൂപ്പർതാരം കമൽഹാസന്റെ ചിത്രമൊരുക്കിയിരിക്കുകയാണ് ഡാവിഞ്ചി സുരേഷ്. അൻപത് അടി വലുപ്പത്തിൽ ഒരുക്കിയ ചിത്രം വെള്ളത്തിന് മുകളിലാണ് ഒരുക്കിയിരിക്കുന്നത് എന്നതാണ് ചിത്രത്തിന്റെ മുഖ്യാകർഷണം. വിവിധ നിറത്തിലുള്ള രണ്ടായിരത്തി അഞ്ഞൂറിലധികം പേപ്പറുകൾ ഉപയോഗിച്ചുകൊണ്ടാണ് ഡാവിഞ്ചി സുരേഷ് ഈ ചിത്രം തയാറാക്കിയിരിക്കുന്നത്.
അതേസമയം മൂന്നാറിലെ ഒരു സ്വകാര്യ റിസോർട്ടിന്റെ മുകളിലുള്ള സ്വിമ്മിങ് പൂളിലാണ് ഡാവിഞ്ചി സുരേഷ് ഈ ചിത്രം ഒരുക്കിയത്. മണിക്കൂറുകൾ എടുത്ത് തയാറാക്കിയ ഉലകനായകന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ ഇടങ്ങളിലും വൈറലായിക്കഴിഞ്ഞു. നേരത്തെയും വ്യത്യസ്തമാർന്ന ചിത്രങ്ങൾ തയാറാക്കി ഡാവിഞ്ചി സുരേഷ് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ഒറ്റദിവസംകൊണ്ടാണ് മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസിന്റെ ചിത്രം കരനെല്ലില്‍ ഡാവിഞ്ചി സുരേഷ് ഒരുക്കിയത്. വ്യത്യസ്തയിനം കാർഷിക വിത്തുകൾ ഉപയോഗിച്ച് ഗാന്ധിജിയുടെ ചിത്രം ഡാവിഞ്ചി സുരേഷ് ഒരുക്കിയതും ഏറെ കൈയടികൾ ഏറ്റുവാങ്ങിയിരുന്നു. പത്തൊന്‍പത് ഇനം കാര്‍ഷിക വിത്തുകള്‍ ഉപയോഗിച്ച് മഹാത്മാ ഗാന്ധിയുടെ ചിത്രം ആറടി വലുപ്പമുള്ള വട്ട മേശയ്ക്ക് മുകളില്‍ മൂന്നു മണിക്കൂറുകൾ കൊണ്ട് ഈ കലാകാരൻ നിര്‍മിച്ചത്. ചെറുപയര്‍, മല്ലി, കടുക്, മുളക്, പയര്‍, ചോളം, മത്തങ്ങ, പടവലങ്ങ, ഉഴുന്ന്, വെള്ളരി, വാളരി പയര്‍, ഉലുവ, വഴുതനങ്ങ, ചീര, ജാക്‍ബീന്‍, കുംബളം വെണ്ടക്ക, പാവക്ക, ചുരക്ക എന്നീ വിത്തുകള്‍ ആണ് ചിത്രം നിർമിക്കാനായി ഡാവിഞ്ചി സുരേഷ് ഉപയോഗിച്ചത്.
Story highlights: Davinci Suresh Kamal Haasan painting video