ഈ പാട്ടുകൂട്ടിൽ ഇനി നിങ്ങളുടെ കുട്ടികൾക്കും അവസരം; ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ- 3 ഓഡിഷൻ ആരംഭിക്കുന്നു

July 5, 2022

ഫ്ളവേഴ്സ് ടോപ് സിംഗർ മലയാളികൾക്കെന്നും പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ്. കേൾക്കാൻ കൊതിയ്ക്കുന്ന സുന്ദരഗാനങ്ങൾക്കൊപ്പം കുരുന്നുകളുടെ കളിയും ചിരിയും അരങ്ങേറുന്ന ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലേക്ക് ഇനി നിങ്ങളുടെ കുട്ടികൾക്കും പങ്കെടുക്കാം. മലയാളികൾക്ക് പാട്ടിന്റെ വസന്തകാലം ഒരുക്കിയ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ മൂന്നാം സീസണിലേക്കുള്ള ഓഡിഷൻ ആരംഭിക്കുന്നു. പാട്ടുപാടാനും സരസമായി സംസാരിക്കാനും കഴിവുള്ള അഞ്ചു വയസിനും പതിനാല് വയസിനും ഇടയിലുള്ള കുട്ടികൾക്കാണ് ഫ്ളവേഴ്‌സ് ടോപ് സിംഗറിൽ അവസരം ലഭിക്കുക.

കേരളത്തിന്റെ വിവിധ ജില്ലകളിലായി സംഘടിപ്പിക്കുന്ന ഓഡിഷനിലൂടെ തിരഞ്ഞെടുക്കുന്ന കുരുന്നുകൾക്കാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ മൂന്നാം സീസണിൽ പങ്കെടുക്കാൻ സാധിക്കുക. ജൂലൈ 7 മുതലാണ് ഓഡിഷൻ ആരംഭിക്കുക. ജൂലൈ ഏഴാം തിയതി കാസർകോഡ് ജില്ലയിലായിരിക്കും ഓഡിഷൻ നടക്കുന്നത്, ജൂലൈ എട്ട്- കണ്ണൂർ, ജൂലൈ ഒമ്പത്, പത്ത് തിയതികളിൽ കോഴിക്കോട്, ജൂലൈ 15- തൃശൂർ, ജൂലൈ- 16, 17- പാലക്കാട്, ജൂലൈ 20- കോട്ടയം, ജൂലൈ 27- കൊല്ലം ജില്ലയിലുമായിരിക്കും ഓഡീഷനുകൾ നടത്തപ്പെടുക.

ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരായിരിക്കും ടോപ് സിംഗര്‍ മൂന്നാം സീസണിൽ മാറ്റുരയ്ക്കുക. അതേസമയം രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെയായിരിക്കും ഓഡിഷൻ സമയം.

ഓഡിഷനുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾക്ക് ‘7593829872‘ എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

സംഗീത ലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായകരെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. ഫ്ളവേഴ്‌സ് ഒന്നും രണ്ടും സീസണിലെ കുരുന്നുകളെ ഇതിനോടകം മലയാളികൾ നെഞ്ചേറ്റിക്കഴിഞ്ഞു. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക അനുരാധ, ബിന്നി കൃഷ്ണകുമാർ എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കള്‍.

Story highlights; Flowers Top Singer Season 3 Audition starting soon