‘ജോളിയാ ഒരു കാതൽ കഥൈ..’- കാളിദാസ് നായകനാകുന്ന ‘നച്ചത്തിരം നഗര്‍ഗിരത്ത്’ പ്രൊമോ വിഡിയോ

July 14, 2022

തെന്നിന്ത്യൻ സിനിമാലോകത്തിന്റെ പ്രിയതാരമാണ് കാളിദാസ് ജയറാം. മലയാളത്തിനേക്കാൾ തമിഴിലാണ് നടൻ താരമായത്. തമിഴിൽ കാളിദാസ് വേഷമിട്ട ചിത്രങ്ങളെല്ലാം ഹിറ്റാണ്. ഇപ്പോൾ നടൻ വേഷമിടുന്നത് ‘നച്ചത്തിരം നഗര്‍ഗിരത്ത്’ എന്ന ചിത്രത്തിലാണ്. സംവിധായകൻ പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രൊമോ വിഡിയോ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.

അട്ടകത്തി എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത്തിന്റെ റൊമാൻസ് വിഭാഗത്തിലേക്കുള്ള തിരിച്ചുവരവായിരിക്കും ഈ ചിത്രം. എങ്കിലും വരാനിരിക്കുന്ന സിനിമ പ്രണയത്തിന്റെ വ്യത്യസ്‌ത മുഖങ്ങളും എൽജിബിടിക്യുഐഎ പ്രമേയങ്ങളും കൈകാര്യം ചെയ്യുന്ന ചിത്രമാണ്.

നച്ചത്തിരം നഗർഗിരത്തിൽ കാളിദാസ് ജയറാം, ദുഷാര വിജയൻ, കലൈയരശൻ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. 2021 ഡിസംബറിൽ ചിത്രീകരണം പൂർത്തിയായ ചിത്രമാണിത്. ഹരികൃഷ്ണ, ഷബീർ കല്ലറക്കൽ, തുടങ്ങിയവരും അഭിനേതാക്കളുടെ ഭാഗമാണ്. ദുഷാരയാണ് ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രം. ആർകെ സെൽവയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.

നീലം പ്രൊഡക്ഷൻസും യാഴി ഫിലിംസും ചേർന്നാണ് നച്ചത്തിരം നഗർഗിരത്ത് നിർമ്മിക്കുന്നത്. ചിത്രം ഉടൻ തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read Also; ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ത്രില്ലർ ചിത്രത്തിൽ നായകനായി മമ്മൂട്ടി; എത്തുന്നത് പൊലീസ് വേഷത്തിൽ

ബാലതാരമായി വന്ന് സിനിമ ആസ്വാദകരുടെ ഹൃദയത്തിൽ ഇടംനേടിയതാണ് കാളിദാസ് ജയറാം. ബാലതാരത്തിൽ നിന്നും നായകനായി കാളിദാസ് എത്തിയപ്പോഴും പ്രേക്ഷകർ താരത്തെ നെഞ്ചിലേറ്റി. കുറഞ്ഞ ചിത്രങ്ങളിലൂടെ തമിഴ് സിനിമ ആസ്വാദകർക്കും സുപരിചിതനായി മാറിക്കഴിഞ്ഞു കാളിദാസ്. പാവ കഥൈകൾ, പുത്തം പുതു കാലൈ എന്നീ സിനിമകൾക്ക് ശേഷം വീണ്ടും തമിഴിൽ പുതിയ ചിത്രവുമായി എത്തുമ്പോൾ പ്രേക്ഷകരും ആവേശത്തിലാണ്.

Story highlights- kalidas jayaram’s next Natchathiram Nagargiradhu promo video