ഇന്ദിര ഗാന്ധിയായി കങ്കണ റണൗട്ട്; ‘എമർജെൻസി’ ടീസർ പുറത്ത്; കഥയും സംവിധാനവും കങ്കണ തന്നെ

July 14, 2022

മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ വെള്ളിത്തിരയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് പ്രമുഖ ബോളിവുഡ് താരം കങ്കണ റണൗട്ട്. എമർജൻസി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ഇപ്പോൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ്.

അടിയന്തരാവസ്ഥ കാലഘട്ടമാണ് ചിത്രത്തിന്റെ പശ്ചാത്തലമെന്നാണ് ടീസറിൽ നിന്ന് വ്യക്തമാവുന്നത്. ചിത്രത്തിനായി ഗംഭീര മേക്കോവറാണ് താരം നടത്തിയിരിക്കുന്നത്. ടീസറിൽ ഇന്ദിര ഗാന്ധിയുമായി അമ്പരപ്പിക്കുന്ന സാദൃശ്യമാണ് കങ്കണയ്ക്കുള്ളത്. എമർജെൻസിയുടെ സംവിധാനം കങ്കണ തന്നെയാണ് നിർവഹിക്കുന്നത്. റിതേഷ് ഷായാണ് താരത്തിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

മണികർണിക ഫിലിംസിന്‍റെ ബാനറില്‍ കങ്കണയും രേണു പിറ്റിയും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മണികർണിക ഫിലിംസിന്‍റെ പേരിലുള്ള യൂട്യൂബ് ചാനൽ ആരംഭിച്ചതിന് ശേഷം അതേ ചാനലിലൂടെയാണ് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്‌തിരിക്കുന്നത്‌. കങ്കണ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘എമർജെൻസി.’ 2019 ൽ റിലീസ് ചെയ്‌ത മണികർണിക: ദി ക്വീൻ ഓഫ് ഝാൻസിയായിരുന്നു താരത്തിന്റെ ആദ്യ സംവിധാന സംരംഭം.

Read More: “ഞാനും ഇച്ചാക്കയും ചേർന്ന് പ്രകാശനം ചെയ്യുന്നു..”; നടൻ പ്രേംകുമാറിന്റെ പുസ്‌തകം പ്രകാശനം ചെയ്‌ത്‌ മോഹൻലാലും മമ്മൂട്ടിയും, വൈറലായി മോഹൻലാലിൻറെ കുറിപ്പ്

അതേ സമയം ഇതാദ്യമായല്ല കങ്കണ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ശക്തയായ ഒരു നേതാവിനെ അവതരിപ്പിക്കുന്നത്. എഎല്‍ വിജയ് സംവിധാനം ചെയ്‌ത ‘തലൈവി’ എന്ന ചിത്രത്തിൽ മുൻ തമിഴ് നാട് മുഖ്യമന്ത്രി ജയലളിതയെ കങ്കണ അവതരിപ്പിച്ചിരുന്നു. ജയലളിതയായുള്ള കങ്കണയുടെ വേഷപ്പകർച്ച വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. തമിഴിലും ഹിന്ദിയിലും ചിത്രം റിലീസ് ചെയ്‌തിരുന്നു. വിബ്രി കര്‍മ്മ മീഡിയ എന്നിവയുടെ ബാനറില്‍ വിഷ്ണു വര്‍ധനും ശൈലേഷ് ആര്‍ സിംഗും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചത്.

Story Highlights: Kankana ranaut new movie emergency teaser released