കുർത്തയും ഗാഗ്രയും ധരിച്ച് ഇന്ത്യൻ ഗാനത്തിന് ചുവടുവെച്ച് കൊറിയൻ വിദ്യാർത്ഥികൾ; ഉള്ളുനിറച്ചൊരു കാഴ്ച

July 26, 2022

ഇന്ത്യയിൽ ഇന്ന് ഒട്ടുമിക്ക ആളുകളും കൊറിയൻ ഭാഷയോടും സിനിമകളോടും സീരീസുകളോടും മ്യൂസിക് ബാന്റുകളോടും അടങ്ങാത്ത അഭിനിവേശമുള്ളവരാണ്. ബിടിഎസ് പോലുള്ള കെ- പോപ്പ് സംഗീതത്തിനോട് പ്രണയമുള്ള ആളുകൾ പോലും കരുതുന്ന ഒന്നാണ് കൊറിയക്കാർക്ക് ഇന്ത്യയെക്കുറിച്ച് ഒന്നും അറിയില്ല എന്നത്. എന്നാൽ ഇതൊരു തെറ്റിദ്ധാരണ മാത്രമാണെന്ന് തെളിയുകയാണ് ഒരു വിഡിയോയിലൂടെ. ബോളിവുഡിലെ ഒരു ഹിറ്റ് ഗാനത്തിന് ചുവടുവയ്ക്കുകയാണ് ഒരുകൂട്ടം കൊറിയൻ വിദ്യാർത്ഥികൾ.

അതായത് ഇന്ത്യൻ സംഗീതത്തിന്റെയും താളത്തിന്റെയും മേന്മ അങ്ങ് കൊറിയയിലും എത്തി. ഗാഗ്ര എന്ന ജനപ്രിയ ഗാനത്തിന് നൃത്തം ചെയ്യുകയാണ് കൊറിയൻ വിദ്യാർത്ഥികൾ. ഇന്ത്യൻ ചുവടുകൾ അവരെ സംബന്ധിച്ച് പ്രയാസമാണെങ്കിൽ കൂടിയും വളരെയധികം പ്രാക്ടീസിലൂടെ അത്രക്ക് മികവോടെയാണ് ആ വിദ്യാർത്ഥികൾ ചുവടുവയ്ക്കുന്നത്.

കൊറിയൻ വിദ്യാർത്ഥികൾ അവരുടെ കോളേജ് സ്റ്റേജിലാണ് നൃത്തം ചെയ്യുന്നത്. ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമായ വർണ്ണാഭമായ വസ്ത്രങ്ങളും കുർത്തകളും പോലുള്ള പരമ്പരാഗത വസ്ത്രങ്ങൾ പോലും അവർ ധരിച്ചിരിക്കുന്നു. ഈ പ്രകടനം അത്ര മികവാർന്നതാണ്. 2013-ൽ പുറത്തിറങ്ങിയ ‘യേ ജവാനി ഹേ ദീവാനി’ എന്ന ചിത്രത്തിലെ ഗാനമാണ് ഗാഗ്ര. മാധുരി ദീക്ഷിതും രൺബീർ കപൂറും ചേർന്നാണ് ഈ ഗാനരംഗത്തിൽ ചുവടുവെച്ചിരിക്കുന്നത്.

read Also: ജീവിതയാത്രയ്ക്കിടെ ഭർത്താവിനെയും രണ്ടു മക്കളെയും നഷ്ടമായി; മുളങ്കമ്പ് വീട്ടിൽ നിന്നും രാഷ്‌ട്രപതി ഭവനിലേക്ക് എത്തുന്ന ദ്രൗപതി മുർമു

ഇന്ത്യൻ ഗാനങ്ങൾക്ക് ലോകമെമ്പാടും ആരാധകരുണ്ട്. പ്രത്യേകിച്ച് ബോളിവുഡിലെ ആഘോഷ ചേലുള്ള ഗാനങ്ങൾക്ക്. പലപ്പോഴും ഹിറ്റ് ഗാനങ്ങൾക്ക് ചുവടുവെച്ചും സിനിമാ ഡയലോഗുകൾ അവതരിപ്പിച്ചും വിവിധ രാജ്യങ്ങളിൽ ഉള്ളവർ ശ്രദ്ധേയരാകാറുണ്ട്. മുൻപ്, ഷാരൂഖ് ഖാൻ നായകനായ റയീസ് എന്ന ചിത്രത്തിലെ ‘ഉഡി ഉഡി ജായേ..’ എന്ന ഗാനത്തിന് ചുവടുവയ്ക്കുന്ന ജാപ്പനീസ് പെൺകുട്ടികളുടെ വിഡിയോ ശ്രദ്ധനേടിയിരുന്നു.

Story highlights- Korean students dancing to bollywood song