മലയൻകുഞ്ഞിലെ അടുത്ത ഗാനം റിലീസ് ചെയ്‌തു; മറ്റൊരു ഏ.ആർ.റഹ്‌മാൻ വിസ്‌മയമെന്ന് പ്രേക്ഷകർ

July 19, 2022

ലോകപ്രശസ്‌ത സംഗീതജ്ഞൻ ഏ.ആർ.റഹ്‌മാനാണ് ഫഹദ് ഫാസിൽ ചിത്രം മലയൻകുഞ്ഞിന് സംഗീതമൊരുക്കുന്നത്. 30 വർഷങ്ങൾക്ക് ശേഷം ഏ.ആർ. റഹ്മാൻ സംഗീതം നൽകുന്ന മലയാളം ചിത്രം കൂടിയാണ് മലയൻകുഞ്ഞ്. അതിനാൽ തന്നെ ചിത്രത്തിനൊപ്പം മലയൻകുഞ്ഞിന്റെ സംഗീതവും ആസ്വദിക്കാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഡയലോഗുകൾ വളരെ കുറവുള്ള ചിത്രത്തിന്റെ രണ്ടാം പകുതി ഏറെക്കുറെ മുഴുവനായും മുൻപോട്ട് കൊണ്ട് പോകുന്നത് റഹ്‌മാന്റെ സംഗീതമാണെന്ന് ഫഹദ് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.

ഇപ്പോൾ മലയൻകുഞ്ഞിലെ മറ്റൊരു ഗാനം റിലീസ് ചെയ്‌തിരിക്കുകയാണ്. “മണ്ണും നിറഞ്ഞേ മനവും നിറഞ്ഞേ..” എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത മോഹനാണ്. റിലീസ് ചെയ്‌ത്‌ നിമിഷങ്ങൾക്കുള്ളിൽ തന്നെ ശ്രദ്ധേയമായി മാറിയ ഗാനം മറ്റൊരു ഏ.ആർ.റഹ്‌മാൻ വിസ്‌മയമാണെന്നാണ് പ്രേക്ഷകർ പറയുന്നത്.

അതേ സമയം ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ജൂലൈ 22 നാണ് മലയൻകുഞ്ഞ് തിയേറ്ററുകളിലെത്തുന്നത്. നിരവധി ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള സജിമോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലയൻകുഞ്ഞ്. ഒരു സര്‍വൈവല്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത് ഫഹദ് ഫാസിലിന്റെ തന്നെ ചിത്രങ്ങളായ ‘മാലിക്കും’ ‘ടേക് ഓഫും’ സംവിധാനം ചെയ്ത മഹേഷ് നാരായണനാണ്.

Read More: “ഈ സിനിമയുടെ ഓരോ ശ്വാസത്തിലും അദ്ദേഹം ആനന്ദം അനുഭവിക്കുകയായിരുന്നു”; ഓളവും തീരവും ചിത്രത്തിന് പായ്‌ക്കപ്പായി, വിഡിയോ പങ്കുവെച്ച് ഹരീഷ് പേരടി

ഒരു ഇലക്ട്രോണിക് മെക്കാനിക്കായാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയെടുത്ത ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളും സങ്കല്പികമാണ്. ഫഹദിനൊപ്പം രജിഷ വിജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി തുടങ്ങിയവരും അഭിനയിച്ചിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ഫാസിലാണ്.

Story Highlights: Malayankunju next song released