ഇത് മറ്റൊരു മണിരത്നം മാജിക്; ‘പൊന്നിയിൽ സെൽവൻ’ ലുക്കിൽ തിളങ്ങി വിക്രം, ശ്രദ്ധനേടി പുതിയ പോസ്റ്റർ

July 4, 2022

ഇന്ത്യൻ സിനിമാലോകം അത്ഭുതത്തോടെ നോക്കിക്കാണുന്ന സംവിധായകനാണ് മണിരത്നം. ഓരോ ചിത്രങ്ങളിലും അത്ഭുതം വിരിയിക്കാറുള്ള മണിരത്‌നത്തിന്റെ പുതിയ ചിത്രത്തിലെ മാജിക്കിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ സിനിമ പ്രേമികളിൽ ആവേശം നിറയ്ക്കുകയാണ് താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ. ‘പൊന്നിയിൻ സെൽവൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം പ്രഖ്യാപനം മുതൽക്കേ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ആദിത്യ കരികാലനായി എത്തുന്ന വിക്രത്തെയാണ് പോസ്റ്ററിൽ കാണുന്നത്.

വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിൽ ഐശ്വര്യ റായ്, ജയം രവി, വിക്രം, പാർത്ഥിപൻ, സത്യരാജ്, തൃഷ, ജയറാം, ശോഭിതാ ദുലിപാല, ജയചിത്ര, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ബാബു ആന്റണി തുടങ്ങിയ താരനിരകൾ അണിനിരക്കുന്നുണ്ട്. എ ആർ റഹ്മാൻ ആണ് സംഗീത സംവിധാനം.

കല്‍ക്കി കൃഷ്ണമൂര്‍ത്തി ഒരുക്കിയ അഞ്ചു ഭാഗങ്ങളുള്ള ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. നോവൽ അടിസ്ഥാനമാക്കിയുള്ള പ്രമേയത്തിൽ അരുൾമൊഴിവർമ്മൻ അഥവാ രാജ രാജ ചോളൻ ഒന്നാമന്റെ കഥയാണ് പറയുന്നത്. മണിരത്നവും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമയുടെ നിർമാണം. അതേസമയം രണ്ടു ഭാഗങ്ങളായി ചിത്രീകരിച്ച സിനിമയുടെ ആദ്യഭാഗം ഈ വര്ഷം സെപ്തംബർ അവസാനത്തോടെയായിരിക്കും തിയേറ്ററുകളിൽ എത്തുക.

Read also: മഴവില്ലാടും മലയുടെ മുകളിൽ…; ചിത്രാമ്മയുടെ പാട്ടുമായി ശ്രീനന്ദ, ശബ്ദമാധുര്യംകൊണ്ട് മലയാളി ഹൃദയങ്ങളിൽ ചേക്കേറാൻ കുഞ്ഞുഗായിക

വന്‍ മുതല്‍മുടക്ക് വേണ്ടിവരുമെന്നതിനാല്‍ 2012-ല്‍ ചിത്രം ഏറക്കുറേ ഉപേക്ഷിച്ച ചിത്രവുമായി മണിരത്നം വീണ്ടും എത്തുമ്പോൾ വാനോളം പ്രതീക്ഷയുമായാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. അതേസമയം മണിരത്നം ചിത്രം ‘ചെക്കാ ചിവന്ത വാന’ത്തിലും വൻ താര നിര അണിനിരന്നിരുന്നു. അരവിന്ദ് സ്വാമി, പ്രകാശ് രാജ്, ജ്യോതിക, സിമ്പു, അരുൺ വിജയ്, വിജയ് സേതുപതി, അദിതി റാവു ഹൈദരി, ഐശ്വര്യ രാജേഷ് എന്നിവർ വേഷമിട്ട ചിത്രമാണിത്. മികച്ച പ്രതികരണം നേടിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നായകൻ, ഗുരു, റോജ, ബോംബെ, ദിൽ സെ, ഗുരു, ഓ.കെ. കണ്മണി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് മണിരത്നം.

Story highlights: Mani Ratnam’s Ponniyin Selvan Chiyaan Vikram looks goes trending