‘കൊട്ട മധു’വിന് മുൻപുള്ള മധു; കാപ്പയിലെ പുതിയ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

July 19, 2022

ആരാധകർ കാത്തിരിക്കുന്ന മറ്റൊരു പൃഥ്വിരാജ് ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കടുവ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസ്-പൃഥ്വിരാജ് സുകുമാരൻ കൂട്ടുകെട്ടിലൊരുങ്ങുന്ന കാപ്പയുടെ ചിത്രീകരണമാണ് ജൂലൈ 15 ന് ആരംഭിച്ചത്. ഒരു ഗ്യാങ്സ്റ്റർ സിനിമയായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

നേരത്തെ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയിരുന്നു. ‘കൊട്ട മധു’ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രങ്ങൾ വൈറലാവുകയും ചെയ്‌തു.

ഇപ്പോൾ തന്റെ കഥാപാത്രത്തിന്റെ മറ്റൊരു ചിത്രമാണ് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്. ‘കൊട്ട മധു ആവുന്നതിന് മുൻപുള്ള മധു’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചത്. നേരത്തെ പങ്കുവെച്ച ചിത്രത്തിൽ നിന്നും വളരെ വ്യത്യസ്‌തമായ ഗെറ്റപ്പിലാണ് പൃഥ്വിരാജിനെ ചിത്രത്തിൽ കാണാൻ കഴിയുന്നത്.

ആസിഫ് അലിയും അന്ന ബെന്നും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജി.ആർ.ഇന്ദുഗോപന്റെ ‘ശംഖുമുഖി എന്ന നോവലിനെ ആസ്‌പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്‍കെ റൈറ്റേഴ്‌സ് യൂണിയൻ എന്നിവരുടെ സഹകരണത്തിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Read More: മലയൻകുഞ്ഞിലെ അടുത്ത ഗാനം റിലീസ് ചെയ്‌തു; മറ്റൊരു ഏ.ആർ.റഹ്‌മാൻ വിസ്‌മയമെന്ന് പ്രേക്ഷകർ

അതേ സമയം വലിയ വരവേൽപ്പാണ് മലയാളി പ്രേക്ഷകർ കടുവയ്ക്ക് നൽകിയത്. തിയേറ്ററുകളിൽ വലിയ ആഘോഷമായി മാറിയ കടുവ മികച്ച വിജയം നേടിക്കൊണ്ടിരിക്കുകയാണ്. പാൻ ഇന്ത്യൻ റിലീസായി എത്തിയ ചിത്രം മറ്റ് ഭാഷകളിലും മികച്ച വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിങ് കളക്ഷനാണ് ചിത്രം നേടിയത്.

Story Highlights: Prithviraj shares new image of kappa