ആലിയക്കൊപ്പം റോഷൻ മാത്യു; വൈറലായി ഡാർലിംഗ്സ് ടീസർ

July 5, 2022

മലയാളികളുടെ പ്രിയതാരം റോഷൻ മാത്യുവിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രമാണ് ഡാർലിംഗ്സ്. നടി ആലിയ ഭട്ട് ആദ്യമായി നിർമാണ രംഗത്തേക്ക് കടക്കുന്ന ചിത്രം കൂടിയാണ് ഡാർലിംഗ്സ്. ഇപ്പോഴിതാ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ടീസർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘അമ്മ- മകൾ ബന്ധം പറയുന്ന ചിത്രം ജസ്‍മീത് കെ റീന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നെറ്റ്ഫ്ലിക്സ് റിലീസായി ആഗസ്റ്റ് അഞ്ചിന് എത്തുന്ന ചിത്രത്തിൽ ആലിയ ഭട്ടിനും റോഷൻ മാത്യുവിനുമൊപ്പം ഷെഫാലി ഷാ, വിജയ് വർമ്മ, എന്നിവരും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഗൗരി ഖാൻ, ആലിയ ഭട്ട്, ഗൗരവ് വർമ ​​എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ഡാർലിംഗ്സ്. വിശാൽ ഭരദ്വാജാണ് സംഗീതം, ഗുൽസാർ ആണ് ഗാനരചയിതാവ്. അതേസമയം നേരത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയശേഷം റോഷൻ മാത്യു കുറിച്ച വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

‘നന്ദി, പ്രിയപ്പെട്ടവരെ. അവിശ്വസനീയമാംവിധം കഴിവുള്ള അലിയ ഭട്ട്, ഷഫാലി ഷാ,വിജയ് വർമ്മ എന്നിവർക്ക് എന്റെ സ്നേഹാലിംഗനങ്ങൾ.. നിങ്ങളോടൊപ്പം പ്രവർത്തിക്കുകയും നിങ്ങൾ അഭിനയിക്കുന്നത് കാണുകയും ചെയ്യുന്നത് വളരെ മികച്ച അനുഭവമാണ്. ഞാൻ നിങ്ങളെ നിരാശപ്പെടുത്തിയില്ലെന്ന് പ്രതീക്ഷിക്കുന്നു’- റോഷൻ മാത്യു ചിത്രം പങ്കുവെച്ച് പറഞ്ഞു.

Read Also: ഒരു ലീവുപോലും എടുക്കാതെ 27 വർഷത്തെ ജോലി; അച്ഛന് കമ്പിനി നൽകിയ സമ്മാനത്തിൽ തൃപ്തയാകാതെ മകൾ ഒരുക്കിയത് വലിയ സർപ്രൈസ്

അതേസമയം, തെലുങ്ക് ചലച്ചിത്രമായ ആർആർആർ ആണ് ആലിയയുടെതായി അവസാനം റിലീസ് ചെയ്ത ചിത്രം. അയൻ മുഖർജിയുടെ ബ്രഹ്മശാസ്ത്രം, കരൺ ജോഹറിന്റെ ചിത്രം എന്നിവയാണ് ആലിയ നായികയായി അണിയറയിൽ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ. നൈറ്റ് ഡ്രൈവ് ആണ് റോഷന്റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം. മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചത്.

Story Highlights: Roshan Mathew Alia Bhatt ‘Darlings’