‘പുരുഷന്മാരുടെ ലോകത്ത് ഒരു ധീരവനിത’; ‘കുന്ദവൈ’ രാജകുമാരിയായി പൊന്നിയിൻ സെൽവനിൽ തൃഷ, ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്‌തു

July 7, 2022

ലോക സിനിമയിലെ തന്നെ പ്രശസ്‌ത സംവിധായകരിലൊരാളായ മണി രത്നത്തിന്റെ സ്വപ്‌ന സിനിമയാണ് പൊന്നിയിൻ സെൽവൻ. 500 കോടി രൂപ മുതൽ മുടക്കിലൊരുങ്ങുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. ഒരു പക്ഷെ ഇന്ത്യൻ സിനിമ പ്രേക്ഷകർ ഇത്രത്തോളം കാത്തിരിക്കുന്ന മറ്റൊരു ചിത്രം ഉണ്ടാവുമോയെന്നത് സംശയമാണ്.

കല്‍ക്കി കൃഷ്ണമൂര്‍ത്തി ഒരുക്കിയ അഞ്ചു ഭാഗങ്ങളുള്ള ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. നോവൽ അടിസ്ഥാനമാക്കിയുള്ള പ്രമേയത്തിൽ അരുൾമൊഴിവർമ്മൻ അഥവാ രാജ രാജ ചോളൻ ഒന്നാമന്റെ കഥയാണ് പറയുന്നത്. മണിരത്നവും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമയുടെ നിർമാണം നിർവഹിച്ചരിക്കുന്നത്.

ചിത്രത്തിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് നടി തൃഷയുടെ ക്യാരക്ടർ പോസ്റ്റർ ഇപ്പോൾ സിനിമയുടെ അണിയറ പ്രവർത്തകർ റിലീസ് ചെയ്‌തിരിക്കുകയാണ്. ചോഴ രാജകുമാരിയായ ‘കുന്ദവൈ’ എന്ന കഥാപാത്രത്തെയാണ് തൃഷ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ‘പുരുഷന്മാരുടെ ലോകത്ത് ഒരു ധീര വനിത’ എന്ന കുറിപ്പോടെയാണ് താരത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്‌തത്‌.

ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിക്രം, കാർത്തി, ഐശ്വര്യ റായ് എന്നീ താരങ്ങളുടെ ക്യാരക്ടർ പോസ്റ്റർ നേരത്തെ തന്നെ പുറത്തു വിട്ടിരുന്നു. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ വിക്രം, കാർത്തി, ഐശ്വര്യ റായ്, തൃഷ എന്നിവരോടൊപ്പം ജയം രവി, പാർത്ഥിപൻ, സത്യരാജ്, ജയറാം, ശോഭിതാ ദുലിപാല, ജയചിത്ര, റഹ്മാൻ, പ്രഭു, ശരത് കുമാർ, ബാബു ആന്റണി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.

Read More: താരസമ്പന്നമായ മറ്റൊരു ചിത്രമൊരുങ്ങുന്നു; ‘പുഷ്‌പ 2’ വിൽ ഫഹദിനും അല്ലുവിനുമൊപ്പം വിജയ് സേതുപതി അഭിനയിക്കുന്നുവെന്ന് റിപ്പോർട്ട്

സെപ്റ്റംബർ 30 നാണ് ഇതിഹാസ സിനിമയായ ‘പൊന്നിയിൻ സെൽവന്റെ’ ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്.

Story Highlights: Trisha character poster in ponniyin selvan released