“ഞാൻ പഠിപ്പിച്ച സ്റ്റെപ്പൊന്നും പിള്ളേര് തെറ്റിച്ചിട്ടില്ല..’; താരവേദിയിലൊരു തകർപ്പൻ പ്രകടനവുമായി ഉപ്പും മുളകും ഫാമിലി

July 25, 2022

ഏറെ ആരാധകരുള്ള പരമ്പരയാണ് ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ഉപ്പും മുളകും.’ കഴിഞ്ഞ കുറച്ചു വർഷങ്ങളായി മലയാള മിനിസ്‌ക്രീനിൽ ഉപ്പും മുളകും നേടിയ വിജയം ടെലിവിഷൻ ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്തതാണ്. ബാലുവും നീലുവും അവരുടെ കുടുംബവും പ്രേക്ഷകരുടെ മനസ്സുകളിൽ കുടിയേറി പാർത്തിട്ട് വർഷങ്ങൾ ഏറെയായിട്ടുണ്ട്.

ഇപ്പോൾ പരമ്പരയിലെ അഭിനേതാക്കൾ ഫ്‌ളവേഴ്‌സ് ടിവിയുടെ തന്നെ സ്റ്റാർ കോമഡി മാജിക്കിൽ എത്തിയ എപ്പിസോഡിലെ ചില നിമിഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഒരു തകർപ്പൻ ഡാൻസ് പെർഫോമൻസാണ് ഉപ്പും മുളകും ഫാമിലി താരവേദിയിൽ കാഴ്ച്ചവെച്ചത്. ബിജു സോപാനവും നിശ സാരംഗും അവതരിപ്പിച്ച കേന്ദ്ര കഥാപാത്രങ്ങളുടെ മക്കളെ അവതരിപ്പിച്ച അഭിനേതാക്കളാണ് വേദിയെ ആവേശത്തിലാക്കിയ പ്രകടനം പുറത്തെടുത്തത്.

ഉപ്പും മുളകിലൂടെ വലിയ ആരാധക വൃന്ദത്തെ സൃഷ്‌ടിച്ച കുഞ്ഞു താരമായ പാറുക്കുട്ടിയും ഇവർക്കൊപ്പം ചുവട് വയ്ക്കുന്നുണ്ട്. ബിജു സോപാനവും ഒരു ഘട്ടത്തിൽ ഇവരുടെ ആവേശത്തിനൊപ്പം ചേർന്ന് ചുവടുകൾ വയ്ക്കുന്നുണ്ട്. പ്രകടനത്തിന് ശേഷം ഞാൻ പഠിപ്പിച്ച സ്റ്റെപ്പൊന്നും പിള്ളേര് തെറ്റിച്ചിട്ടില്ല എന്ന് താരം പറയുമ്പോൾ വേദിയിൽ ചിരി പൊട്ടുകയായിരുന്നു.

Read More: ‘മാരി മീ..’- ട്രെൻഡിനൊപ്പം പാറുക്കുട്ടിയും ലച്ചുവും; വിഡിയോ

ഒരിടവേളയ്ക്ക് ശേഷം പരമ്പരയുടെ രണ്ടാം സീസൺ തുടങ്ങിയിരിക്കുകയാണ്. പക്ഷെ ഇടവേളയ്ക്ക് ശേഷവും ഉപ്പും മുളകിന്റെ ജനപ്രീതിക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്നാണ് രണ്ടാം വരവിലെ ആദ്യത്തെ എപ്പിസോഡിന് കിട്ടിയ സ്വീകാര്യത തെളിയിച്ചത്. ടെലിവിഷനിൽ വമ്പൻ റേറ്റിംഗ് നേടിയതിനൊപ്പം യൂട്യുബിലും എപ്പിസോഡ് ട്രെൻഡിങ്ങിൽ ഒന്നാമതെത്തിയിരുന്നു. മലയാളത്തിലെ ഏറ്റവും ദൈർഘ്യമേറിയ പരമ്പരകളിൽ ഒന്നാണ് ‘ഉപ്പും മുളകും’. 2015 ഡിസംബർ 14-ന് ആരംഭിച്ച ഷോ ഒരു ഇടത്തരം കുടുംബത്തിന്റെ ദൈനംദിന ജീവിതത്തെയാണ് നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്നത്.

Story Highlights: Uppum mulakum family amazing performance