“പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്..”; വൈറലായി വിനീത് ശ്രീനിവാസൻ പോളണ്ടിൽ നിന്ന് പങ്കുവെച്ച ചിത്രം

July 31, 2022

മലയാള സിനിമ പ്രേക്ഷകർ ഒരിക്കലും മറക്കാത്ത ഒരു ചിത്രമാണ് ‘സന്ദേശം.’ നടൻ ശ്രീനിവാസൻ തിരക്കഥയെഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ആക്ഷേപഹാസ്യ സിനിമകളിൽ ഒന്നാണ്. ചിത്രത്തിലെ ഡയലോഗുകളൊക്കെ മലയാളികൾക്ക് മനഃപാഠമാണ്. പലപ്പോഴും മലയാളികളുടെ നിത്യ ജീവിതത്തിലെ സംഭാഷണങ്ങളിൽ സ്ഥിര സാന്നിധ്യമാണ് സന്ദേശത്തിലെ ഡയലോഗുകൾ.

അതിൽ തന്നെ പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിച്ച ഡയലോഗാണ് ശ്രീനിവാസൻ പറയുന്ന “പോളണ്ടിനെ കുറിച്ച് ഒരക്ഷരം പറയരുത്..” എന്നത്. ജയറാമിന്റെ കഥാപാത്രത്തോടാണ് ശ്രീനിവാസൻ ഈ ഡയലോഗ് പറയുന്നത്. ഈ ഡയലോഗ് ജീവിതത്തിൽ എപ്പോഴെങ്കിലും തമാശയായി പറഞ്ഞിട്ടില്ലാത്ത മലയാളികൾ കുറവായിരിക്കും.

ഇപ്പോൾ ഈ ഡയലോഗ് വീണ്ടും ചർച്ചാവിഷയമാവുകയാണ്. മലയാളത്തിലെ പ്രമുഖ നടനും സംവിധായകനും ഒപ്പം നടൻ ശ്രീനിവാസന്റെ മകനും കൂടിയായ വിനീത് ശ്രീനിവാസൻ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു ചിത്രം വൈറലായതോട് കൂടിയാണ് ഡയലോഗ് വീണ്ടും ചർച്ചാവിഷയമായത്.

പോളണ്ടിൽ പോയപ്പോൾ എടുത്ത ഒരു ചിത്രമാണ് വിനീത് ശ്രീനിവാസൻ പങ്കുവെച്ചത്. പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് എന്ന അർത്ഥം വരുന്ന ഇംഗ്ലീഷ് ഡയലോഗ് എഴുതിയ ഒരു ടീ-ഷർട്ടുമിട്ട് വിരൽ ചൂണ്ടി മിണ്ടരുത് എന്ന് ആംഗ്യം കാണിക്കുന്ന തന്റെ ചിത്രമാണ് വിനീത് ശ്രീനിവാസൻ പങ്കുവെച്ചത്. ചിത്രം പങ്കുവെച്ചതിനൊപ്പം ടീ-ഷർട്ട് തനിക്ക് നൽകിയ ആർ ജെ മാത്തുക്കുട്ടിക്ക് താരം നന്ദിയും കുറിക്കുന്നുണ്ട്.

Read More: ടൊവിനോയുടെ തകർപ്പൻ ഡാൻസ്; തല്ലുമാലയിലെ വിഡിയോ സോങ് റിലീസ് ചെയ്‌തു

ഹൃദയമാണ് വിനീത് ശ്രീനിവാസന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. തിയേറ്ററുകളിൽ വമ്പൻ വിജയമായി മാറിയ ചിത്രം ഈ കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിലും അംഗീകരിക്കപ്പെട്ടിരുന്നു. മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്ക്കാരം ഹൃദയം നേടിയപ്പോൾ ചിത്രത്തിന് സംഗീതം നൽകിയ ഹിഷാം അബ്‌ദുൾ വഹാബാണ് മികച്ച സംഗീത സംവിധായകനുള്ള അവാർഡിനർഹനായത്.

Story Highlights: Vineeth sreenivasan picture goes viral