ഇന്ദിരാഗാന്ധിയായി മഞ്ജു വാര്യർ, ചർക്കയിൽ നൂൽനൂറ്റ് സൗബിനും; ചർച്ചയായി പുതിയ പോസ്റ്റർ

August 15, 2022

രാജ്യം മുഴുവൻ ഇന്ന് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ തിരക്കിലാണ്. ഇപ്പോഴിതാ സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധനേടുകയാണ് മഞ്ജു വാര്യർ, സൗബിൻ സാഹിർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന വെള്ളരി പട്ടണം എന്ന ചിത്രത്തിന്റെ പോസ്റ്റർ. സ്വാതന്ത്ര്യദിനാശംസയുമായി എത്തുന്ന പോസ്റ്ററിൽ ഇന്ദിരാഗാന്ധിയുടെ മേക്കോവറിൽ എത്തുന്ന മഞ്ജു വാര്യരെയാണ് കാണുന്നത്. ഇന്ദിരയ്ക്ക് പിന്നിലായി ചർക്കയിൽ നൂൽനൂറ്റിരിക്കുന്ന സൗബിനെയും കാണാം. ‘രാഷ്ട്രീയം പറയാൻ സ്വാതന്ത്ര്യം കിട്ടിയിട്ട് 75 വർഷം’ എന്ന വാചകത്തോടെ എത്തുന്ന ചിത്രം സെപ്തംബറിൽ പ്രദർശനത്തിനെത്തും.

അതേസമയം അടുത്തിടെ കങ്കണ റണൗട്ടിന്റെ ഇന്ദിരാഗാന്ധിയായുള്ള മേക്കോവറും പുറത്തുവന്നിരുന്നു. എമർജൻസി എന്ന ചിത്രത്തിലാണ് കങ്കണ ഇന്ദിരാഗാന്ധിയായി വേഷമിടുന്നത്. എന്നാൽ വെള്ളരിപട്ടണത്തിന്റെ പോസ്റ്റർ പുറത്തുവന്നതോടെ മഞ്ജുവിനാണ് ഇന്ദിരാഗാന്ധിയോട് കൂടുതൽ രൂപസാദൃശ്യം എന്ന രീതിയിലുള്ള കമന്റുകളും സജീവമാകുന്നുണ്ട്.

മലയാളികളുടെ പ്രിയതാരങ്ങളായ മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും ആദ്യമായി ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയും വെള്ളരി പട്ടണം എന്ന സിനിമയ്ക്കുണ്ട്. മഞ്ജു വാര്യർക്കും സൗബിനും പുറമേ സലിംകുമാര്‍, സുരേഷ്‌ കൃഷ്ണ ,കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, ഇടവേള ബാബു, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, വീണനായര്‍, പ്രമോദ് വെളിയനാട്, ശ്രീകാന്ത് വെട്ടിയാര്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

മഹേഷ് വെട്ടിയാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധായകനും ശരത് കൃഷ്ണയും ചേര്‍ന്ന് രചന നിര്‍വഹിക്കുന്നു. ഫുള്‍ഓണ്‍ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ഗൗതം ശങ്കര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. അപ്പു എന്‍ ഭട്ടതിരിയും അര്‍ജുന്‍ ബെന്നുമാണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്.

അതേസമയം, സന്തോഷ് ശിവൻ സംവിധാനം ചെയ്ത ‘ജാക്ക് ആൻ ജിൽ’ എന്ന ചിത്രത്തിലാണ് മഞ്ജു വാര്യർ അവസാനമായി അഭിനയിച്ചത്. അജിത്ത് നായകനായ ‘എകെ 61’, ‘ആയിഷ’, ബോളിവുഡ് ചിത്രം ‘അമ്രികി പണ്ഡിറ്റ്’ എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിലാണ് മഞ്ജു വേഷമിട്ടിരിക്കുന്നത്

Story highlights: After Kangana Ranaut Manju Warrier as Indira Gandhi poster goes viral