‘പ്രേക്ഷകർക്ക് നിങ്ങൾ സീത മഹാലക്ഷ്മി എന്ന പേരിന്റെ പര്യായമായിരിക്കും..’- മൃണാൾ താക്കൂറിന് പിറന്നാൾ ആശംസിച്ച് ദുൽഖർ സൽമാൻ

August 2, 2022

ദുൽഖർ സൽമാൻ നായകനായ സീത രാമം റീലിസിനു തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ഒട്ടേറെ പ്രൊമോഷൻ പരിപാടികളാണ് നടക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിൽ സീതയായി അഭിനയിക്കുന്ന മൃണാൾ താക്കൂറിന്റെ ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് ദുൽഖർ സൽമാനും സീതാ രാമം ടീമും.

ഹൃദ്യമായൊരു കുറിപ്പും വിഡിയോയുമാണ് നടൻ മൃണാലിന്റെ ജന്മദിനത്തിൽ പങ്കുവെച്ചത്. ദുൽഖർ സൽമാന്റെ വാക്കുകൾ;

പ്രിയമാന സീതാ മഹാലക്ഷ്മി ഗരികി,

സീതാരാമത്തിന്റെ സ്‌ക്രിപ്റ്റ് ആദ്യം കേട്ടപ്പോൾ ചിത്രത്തിന് കാസ്റ്റ് ലോക്കോ ടൈറ്റിലോ ഉണ്ടായിരുന്നില്ല. ഞാൻ വായിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും സവിശേഷമായ കഥാപാത്രങ്ങളിലൊന്നാണ് സീത മഹാലക്ഷ്മിയെന്നും ഒരു ക്ലാസിക് ഇതിഹാസത്തിൽ എല്ലാവരും സങ്കൽപ്പിച്ച മുഖമായിരുന്നു സീത മഹാലക്ഷ്മിയ്ക്കെന്നും എനിക്കറിയാമായിരുന്നു. നിങ്ങൾ സിനിമയിൽ വന്നു, സീതയ്ക്ക് ഒരു മുഖവും ജീവിതവും നൽകി.

ഞങ്ങളുടെ ആദ്യ മീറ്റിംഗിൽ “മച്ചാ നിങ്ങൾ തയ്യാറാണോ” എന്ന് നിങ്ങൾ പറഞ്ഞപ്പോൾ എനിക്ക് അറിയാമായിരുന്നു നമ്മൾ ഏറ്റവും മികച്ച സമയത്താണ് സിനിമ ചെയ്യുന്നതെന്നും നല്ല സുഹൃത്തുക്കളായിരിക്കുമെന്നും. ഏറ്റവും കഠിനമായ ഷൂട്ടിംഗ് ദിവസങ്ങളിലും വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയിലും നിങ്ങൾ എങ്ങനെയാണ് സീതയെ അവതരിപ്പിച്ചത് എന്ന് ഞാൻ കണ്ടു. സീതയായി നിങ്ങൾ ചെയ്തത് യുഗങ്ങളിലേക്കുള്ള ഒന്നാണ്, പ്രേക്ഷകർക്ക് നിങ്ങൾ സീത മഹാലക്ഷ്മി എന്ന പേരിന്റെ പര്യായമായിരിക്കുമെന്ന് ഞാൻ കരുതുന്നു.

രാമന്റെ സീതയായതിന് നന്ദി. ലോകം സീതാരാമം കാണുകയും സീതാ മഹാലക്ഷ്മിയെ പ്രണയിക്കുകയും ചെയ്യുന്ന ഓഗസ്റ്റ് 5 നായി ഇനിയും കാത്തിരിക്കാനാവില്ല.സീതയായ നിങ്ങൾക്ക് ജന്മദിനാശംസകൾ നേരുന്നു! ഈ സിനിമ നിങ്ങളുടെ ഏറ്റവും മികച്ച ജന്മദിന സമ്മാനമായിരിക്കും.

Read Also: “ഇത് തിലകൻ ചേട്ടൻ തന്നെ..”; രൂപം കൊണ്ടും പ്രകടനം കൊണ്ടും തിലകനെ അനുസ്‌മരിപ്പിച്ച് ഷമ്മി തിലകൻ

ഹനു രാഘവപുടി ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മഹാനടി നിര്‍മ്മിച്ച സ്വപ്ന മൂവീസും വൈജയന്തി ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രമായിരുന്നു മഹാനടി.

Story highlights- dulquer salmaan about mrunal thakur