തമിഴ്‌നാട്ടിൽ ഹണിയുടെ പേരിൽ ക്ഷേത്രം പണികഴിപ്പിച്ച് ആരാധകൻ- അനുഭവം പങ്കുവെച്ച് ഹണി റോസ്

August 28, 2022

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. തൊടുപുഴയിൽ നിന്നും അഭിനയ ലോകത്തിന്റെ തിരക്കിലേക്ക് ചേക്കേറിയ നടി തമിഴ്, തെലുങ്ക് സിനിമാപ്രേക്ഷകർക്കും സുപരിചിതയാണ്. മലയാളത്തേക്കാൾ ആരാധകർ തമിഴിലാണ് ഹണിക്ക് ഉള്ളത്. ഇപ്പോഴിതാ, ഫ്‌ളവേഴ്‌സ് ഒരുകോടിയിൽ തമിഴ്‌നാട്ടിൽ തന്റെ പേരിൽ ക്ഷേത്രം പണികഴിപ്പിച്ച ആരാധകനെ കുറിച്ച് മനസ് തുറക്കുകയാണ് നടി.

കുട്ടേട്ടനാണ് ക്ഷേത്രത്തിന്റെ കാര്യം നടിയോട് ചോദിച്ചത്. എനിക്ക് ട്രോൾ കിട്ടാനുള്ള വക ഉണ്ടെന്നു പറഞ്ഞുകൊണ്ടാണ് ഹണി മനസ് തുറക്കുന്നത്. മാത്രമല്ല, അത് ഒരു തമാശയായി മാത്രം കാണാനുള്ള കാര്യമല്ല എന്നും അവരുടെ സ്നേഹമാണ് ഇതെന്നും നടി പറയുന്നു. ബോയ്ഫ്രണ്ട് എന്ന ആദ്യ മലയാള സിനിമയിൽ അഭിനയിക്കുന്ന കാലം മുതലുള്ള പാണ്ടി എന്ന് വിളിപ്പേരുള്ള ഒരു ആരാധകനാണ് ക്ഷേത്രം പണിതത്. അന്നുമുതൽ പിറന്നാളിനും ഓരോ സിനിമകൾ ഇറങ്ങുമ്പോഴും പത്രത്തിൽ ഒരു ഫോട്ടോ കണ്ടാൽ പോലും വിളിച്ച് പറയുന്ന ആരാധകനാണ്.

അദ്ദേഹമാണ് തമിഴ്‌നാട്ടിൽ ഇങ്ങനെയൊരു ക്ഷേത്രം പണിതതായിഅറിയിച്ചത്. ഇത് സത്യമാണോ എന്നറിയില്ലെന്നും ഇതുവരെ കണ്ടിട്ടില്ല എന്നും നടി കൂട്ടിച്ചേർക്കുന്നു. അവർക്ക് സിനിമയിൽ അഭിനയിക്കുന്നവർ വളരെ പ്രിയപെട്ടവരാണ് എന്നും നടി പറയുന്നു. കഴിഞ്ഞ 15 വർഷമായി പാണ്ടി സ്ഥിരം വിളിക്കാറുണ്ട് എന്നും പിറന്നാൾ ദിനത്തിൽ പായസം വെച്ച് അവിടെല്ലാം വിതരണം ചെയ്യറുണ്ടെന്നും ഹണി റോസ് പറയുന്നു.

Read Also: പിങ്ക് നിറത്തിൽ തിളങ്ങി ഭാവന; താരം പങ്കുവെച്ച ചിത്രങ്ങൾ

അതേസമയം, സുന്ദർ സി, ജയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ‘പട്ടാമ്പൂച്ചി’ എന്ന ചിത്രത്തിലൂടെ എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടി ഹണി റോസ് തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ബദ്രി സംവിധാനം ചെയ്യുന്ന ചിത്രം 1980 കളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. മോൺസ്റ്റർ എന്ന സിനിമയിൽ മോഹന്ലാലിനൊപ്പവും ഹണി വേഷമിട്ടുകഴിഞ്ഞു.

Story highlights- hony rose about her fan