സുശീല ദേവിക്ക് വെള്ളി, വിജയ് കുമാർ യാദവിനും ഹർജിന്ദർ കോറിനും വെങ്കലം; മെഡൽ വേട്ടയിൽ ഇന്ത്യ ആറാം സ്ഥാനത്ത്

August 2, 2022

ജൂഡോയിലെയും ഭാരോദ്വഹനത്തിലേയും മെഡൽ നേട്ടങ്ങളോട് കൂടി മെഡൽ വേട്ടയിൽ ഇന്ത്യ ആറാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ജൂഡോയിൽ 48 കിലോ ഗ്രാം വിഭാഗത്തില്‍ സുശീലാ ദേവി ലിക്മാബാം വെള്ളി നേടിയപ്പോൾ പുരുഷന്മാരുടെ 60 കിലോ വിഭാഗത്തില്‍ സൈപ്രസിന്‍റെ പെട്രോസ് ക്രിസ്റ്റോഡിലോഡൂഡ്സിനെ കീഴടക്കിയാണ് വിജയ് കുമാർ യാദവ് വെങ്കലം നേടിയത്. കോമൺവെൽത്ത് ഗെയിംസിൽ സുശീല ദേവിയുടെ രണ്ടാം വെള്ളി മെഡലാണിത്.

അതേ സമയം ഭാരോദ്വഹനത്തിൽ മെഡൽ വേട്ട തുടരുകയാണ് ഇന്ത്യ. വനിതകളുടെ ഭാരോദ്വഹനത്തിൽ ഹർജിന്ദർ കോർ ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടിയിരിക്കുകയാണ്. ഇന്നലെ അചിന്ത ഷിയോലി ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മൂന്നാം സ്വർണ്ണം നേടിയിരുന്നു. ഭാരോദ്വഹനത്തിൽ മാത്രമാണ് ഇന്ത്യയ്ക്ക് സ്വർണ്ണ മെഡൽ നേടാൻ കഴിഞ്ഞത്.

നേരത്തെ പുരുഷൻമാരുടെ 67 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ ജെറമി ലാൽറിനുംഗ സ്വർണ്ണം നേടിയിരുന്നു. മീരാ ഭായ് ചാനുവിലൂടെയാണ് ഇന്ത്യ ഗെയിംസിലെ ആദ്യ സ്വർണ്ണം സ്വന്തമാക്കിയത്. വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിലായിരുന്നു നേട്ടം. ഗെയിംസ് റെക്കോർഡ് കൂടിയാണ് ചാനു കുറിച്ചത്.

ജറമി ലാൽറിനുംഗയുടെ നേട്ടം ഇന്ത്യയുടെ ഗെയിംസിൽ മറ്റ് മത്സരങ്ങളിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് പ്രചോദനമായി മാറിയിരുന്നു. ആകെ 300 കിലോഗ്രാം ഉയർത്തിയാണ് ജെറമി നേട്ടം സ്വന്തമാക്കിയത്. ഇതും മറ്റൊരു ഗെയിംസ് റെക്കോർഡ് നേട്ടമാണ്.

Read More: ആരാധകർക്കൊപ്പം ചുവട് വെച്ച് ആശാൻ; ബ്ലാസ്റ്റേഴ്‌സ് കോച്ചിന് വമ്പൻ സ്വീകരണം ഒരുക്കി കൊച്ചി

മെഡൽ കൊയ്ത്തിനെ കഴിഞ്ഞ കാലങ്ങളിൽ ഏറെ സഹായിച്ച ഷൂട്ടിങ് മത്സരങ്ങൾ ഇല്ലാത്തതിന്റെ കുറവ് ഭാരോദ്വഹനത്തിലൂടെ മറികടക്കുകയാണ് ഇന്ത്യ. ഗുസ്തി ബോക്സിങ് മത്സരങ്ങളിലും ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷയാണുള്ളത്.

Story Highlights: India on 6th position in common wealth games medal tally