ആരാധകർക്കൊപ്പം ചുവട് വെച്ച് ആശാൻ; ബ്ലാസ്റ്റേഴ്‌സ് കോച്ചിന് വമ്പൻ സ്വീകരണം ഒരുക്കി കൊച്ചി

August 1, 2022

മലയാളികളുടെ വികാരമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യയിലെ കായിക രംഗത്തെ മറ്റ് ടീമുകൾ അസൂയയോടെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആരാധക പിന്തുണ നോക്കിക്കാണുന്നത്. തുടങ്ങിയ സീസൺ മുതൽ വലിയ ആവേശത്തോടെയാണ് ആരാധകർ ബ്ലാസ്റ്റേഴ്സിന് വേണ്ടി ആർപ്പുവിളിക്കുന്നത്.

ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമനോവിച്ചിന് ആരാധകർ കൊച്ചിയിൽ നൽകിയ സ്വീകരണത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. വലിയ സ്വീകരണമാണ് കോച്ചിനായി ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒരുക്കിയിരുന്നത്. സ്വീകരണത്തിന് ശേഷം ആരാധകരുടെയൊപ്പം ഇവാൻ ചുവട് വയ്ക്കുകയും ചെയ്‌തു. ആരാധകരുടെ ആഘോഷത്തിനൊപ്പം കോച്ച് കൂടി ചേർന്നതോടെ വലിയ ആവേശമാണ് ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞപ്പടയ്ക്ക് ഉണ്ടായത്.

വർഷങ്ങളായി മോശം ഫോമിൽ തുടർന്നിരുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിനെ വിജയ വഴിയിലേക്ക് കൊണ്ട് വന്ന കോച്ചാണ് ഇവാൻ വുകൊമനോവിച്ച്. തുടർച്ചയായ ഐഎസ്എൽ സീസണുകളിൽ മോശം പ്രകടനം കാഴ്ച്ചവെച്ച ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിൽ നിന്ന് നയിച്ചാണ് ഇവാൻ കഴിഞ്ഞ സീസണിലെ ഫൈനലിലേക്കെത്തിച്ചത്.

ഇവാന്റെ പിറന്നാളിന് നിരവധി ആശംസാസന്ദേശങ്ങളാണ് കേരളത്തിൽ നിന്നും അദ്ദേഹത്തിന് ലഭിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മഞ്ഞപ്പടയുടെ ആരാധകരുടെ ആശംസകൾ ഇവാനെ തേടിയെത്തുകയായിരുന്നു. ആശംസകൾക്ക് ഇവാൻ നൽകിയ മറുപടിയും ശ്രദ്ധേയമായി മാറിയിരുന്നു.

Read More: “ചേട്ടൻ എന്റെ കൂടെ വന്നോളൂ, എന്റെ സീറ്റിൽ ഇരിക്കാം..”; സഞ്ജു സാംസണിന്റെ കരുതലും സ്നേഹവും അത്ഭുതപ്പെടുത്തിയെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ- വിഡിയോ

ആരാധകരുടെ ആശംസകളും സ്നേഹവും കൊണ്ട് തന്റെ മനസ്സ് നിറഞ്ഞുവെന്നാണ് ഇവാൻ പറഞ്ഞത്. ഒരു തുറന്ന കത്തിലൂടെയാണ് ഇവാൻ ആശംസകൾക്ക് നന്ദി അറിയിച്ചത്. ആരാധകരുടെ വിലപ്പെട്ട സമയം തന്നോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിനായി മാറ്റിവച്ചതിൽ നന്ദിയുണ്ടെന്ന് ഇവാൻ പറഞ്ഞു. ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിന്‍റെ ഭാഗമായതിൽ അഭിമാനമുണ്ടെന്നും വുകോമനോവിച്ച് കൂട്ടിച്ചേർത്തു.

Story Highlights: Ivan vukomanovic dances with fans