രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം ‘ഇന്ത്യൻ 2’ ചിത്രീകരണം സെപ്റ്റംബറിൽ പുനരാരംഭിക്കുന്നു

August 5, 2022

കമൽ ഹാസൻ നായകനായി അഭിനയിച്ച ‘ഇന്ത്യൻ’ 1996ലായിരുന്നു റിലീസായത്. വമ്പൻ വിജയമായ ചിത്രത്തിന് 24 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ 2 എന്ന പേരിൽ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വാർത്ത ആരാധകരിൽ പകർന്ന സന്തോഷവും ആവേശവും ചെറുതല്ല. എന്നാൽ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ സെറ്റിൽ സംഭവിച്ച അപകടത്തിന് ശേഷം ചിത്രീകരണം നിർത്തിവെച്ചിരുന്നു. പിന്നീട് കൊവിഡ് പ്രതിസന്ധിയും എത്തിയതോടെ ചിത്രീകരണം നീളുകയായിരുന്നു.

ഇപ്പോഴിതാ, രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം ചിത്രത്തിന്റെ ബാക്കിയുള്ള ഷൂട്ടിംഗ് പുനരാരംഭിക്കുകയാണ്. ചിത്രീകരണം ആരംഭിക്കുന്ന വിവരം മുൻപ് നായകനായ കമൽ ഹാസൻ തന്നെ സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഇപ്പോഴിതാ, നായികയായ കാജൾ അഗർവാളും സ്ഥിരീകരണം നൽകിയിരിക്കുകയാണ്. സ്പെറ്റംബർ പതിമൂന്നോടെ ചിത്രീകരണം ആരംഭിയ്ക്കുമെന്നാണ് സൂചന. ഇന്ത്യൻ 2’ൽ കാജൽ അഗർവാൾ പ്രായമായ സ്ത്രീയുടെ വേഷത്തിലാണ് എത്തുന്നത്.

പ്രസവാവധിക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് നടി ഈ ചിത്രത്തിലൂടെ. ‘ഇന്ത്യൻ 2’ രണ്ട് വർഷത്തിലേറെയായി ചിത്രീകരണം നിർത്തിവച്ചിരിക്കുകയായിരുന്നു, ചിത്രം ഉപേക്ഷിച്ചതായി പറയപ്പെട്ട അവസരങ്ങളുമുണ്ട്. എന്നാൽ, അണിയറപ്രവർത്തകർ ചിത്രീകരണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു.

Read Also:വനമധ്യത്തിൽ കുടുങ്ങിയ മൂന്ന് ഗർഭിണികളെ രക്ഷിച്ചു; കേരളാ പൊലീസിനും ആരോഗ്യപ്രവർത്തകർക്കും അഭിനന്ദനങ്ങളറിയിച്ച് ആരോഗ്യമന്ത്രി

അതേസമയം, കമൽഹാസൻ ‘ഇന്ത്യൻ 2’ന്റെ തയ്യാറെടുപ്പുകൾക്കായി അമേരിക്കയിലേക്ക് പോയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ ചിത്രത്തിൽ സിദ്ധാർത്ഥ്, രാകുൽ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കർ, ഗുരു സോമസുന്ദരം എന്നിവരും ഉണ്ട്. അന്തരിച്ച നടന്മാരായ വിവേകും നെടുമുടി വേണുവും ഷൂട്ടിംഗ് നിർത്തിവെച്ച വേളയിൽ വിടപറഞ്ഞതിനാൽ അവർക്ക് പകരക്കാരെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.

Story highlights- indian 2 shooting to start on September