“മറന്നുവോ പൂമകളെ..”; മനസ്സിനെ നൊമ്പരപ്പെടുത്തുന്ന വിരഹാർദ്ര ഗാനം പാടി സംസ്ഥാന സമ്മേളന വേദിയുടെ മനസ്സ് നിറച്ച് കലാഭവൻ ഷാജോൺ

August 2, 2022

ഫ്‌ളവേഴ്‌സ് ടിവിയുടെ മെഗാ ഇവന്ററായ താര ദമ്പതിമാരുടെ സംസ്ഥാന സമ്മേളന വേദിയിൽ നിരവധി മികച്ച പ്രകടനങ്ങൾ അരങ്ങേറിയിരുന്നു. നിരവധി താരങ്ങളാണ് വ്യത്യസ്‌തമായ പ്രകടനങ്ങളുമായി വേദിയിൽ തിളങ്ങിയത്. പാട്ടും നൃത്തവും കോമഡി സ്‌കിറ്റുകളുമായി വേദിയെ ആവേശത്തിലാക്കിയ പ്രകടങ്ങളാണ് താരങ്ങൾ കാഴ്ച്ചവെച്ചത്.

ഇപ്പോൾ വേദിയിലെ അതിമനോഹരമായ ഒരു ആലാപനമാണ് ശ്രദ്ധേയമാവുന്നത്. നടൻ കലാഭവൻ ഷാജോണാണ് മനോഹരമായ ഒരു ഗാനവുമായി വേദിയുടെ കൈയടി ഏറ്റുവാങ്ങിയത്. ഒരു പിടി മികച്ച കഥാപാത്രങ്ങളുമായി സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത അഭിനേതാവാണ് കലാഭവൻ ഷാജോൺ. ദൃശ്യം, ലൂസിഫർ അടക്കമുള്ള ചിത്രങ്ങളിലെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ കൈയടി വാങ്ങിയ ഷാജോൺ ബ്രദേഴ്‌സ് ഡേ എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ സംവിധാന രംഗത്തേക്കും കടന്നിരിക്കുകയാണ്.

ലോഹിതദാസ് സംവിധാനം ചെയ്‌ത ചക്കരമുത്ത് എന്ന ചിത്രത്തിലെ “മറന്നുവോ പൂമകളെ..” എന്ന് തുടങ്ങുന്ന ഗാനമാണ് ഷാജോൺ ആലപിച്ചത്. മലയാളികളുടെ മനസ്സ് തൊട്ട ഒരു ഗാനമാണ് ഇത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് എം.ജയചന്ദ്രനാണ് സംഗീതം നൽകിയിരിക്കുന്നത്. യേശുദാസാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. അതിമനോഹരമായാണ് ഷാജോൺ ഈ ഗാനം ആലപിക്കുന്നത്.

Read More: “ആക്ഷൻ പറഞ്ഞു, ലാലേട്ടനെ ചവിട്ടി, സഹദേവൻ നെഞ്ചുമടിച്ച് താഴെ..”; ദൃശ്യത്തിലെ ക്ലൈമാക്സ് രംഗത്തിന്റെ രസകരമായ പിന്നാമ്പുറ വിശേഷങ്ങൾ പങ്കുവെച്ച് ഷാജോൺ

അതേ സമയം ദൃശ്യത്തിലെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്‌തപ്പോൾ നടന്ന രസകരമായ ഒരു സംഭവവും ഷാജോൺ വേദിയിൽ പങ്കുവെച്ചിരുന്നു. ആദ്യം ഈ രംഗം ചെയ്യാൻ തനിക്ക് ചെറിയ മടിയുണ്ടായിരുന്നുവെന്നാണ് ഷാജോൺ പറയുന്നത്. ലാലേട്ടൻ കുറെ നേരം സംസാരിച്ച് ധൈര്യം തന്നു. അതിന് ശേഷം ചവിട്ടുന്നതിന്റെ ഒരു റിഹേഴ്‌സലും എടുത്തു. മോഹൻലാൽ തന്നെയാണ് രംഗത്തിന്റെ ഫൈറ്റ് കൊറിയോഗ്രാഫി ചെയ്‌തത്. അതിന് ശേഷമാണ് രംഗം ഷൂട്ട് ചെയ്യാൻ തുടങ്ങിയത്. ആക്ഷൻ പറഞ്ഞ് താൻ ലാലേട്ടനെ ചവിട്ടി. പക്ഷെ ചവിട്ട് കൊടുത്തതിന് ശേഷം താൻ താഴെ വീഴുകയായിരുന്നുവെന്നാണ് ഷാജോൺ പറയുന്നത്. ഷാജോൺ പങ്കുവെച്ച ഈ അനുഭവം വലിയ പൊട്ടിച്ചിരിയാണ് വേദിയിൽ ഉണ്ടാക്കിയത്.

Story Highlights: Kalabhavan shajon sings a beautiful malayalam song