സ്വാതന്ത്യ ദിന ആശംസകളുമായി ‘കാപ്പ’യുടെ പുതിയ പോസ്റ്റർ; പങ്കുവെച്ച് ഷാജി കൈലാസ്

August 15, 2022

എഴുപത്തിയഞ്ചാം സ്വതന്ത്യദിന ആശംസകളുമായി ഷാജി കൈലാസിന്റെ പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ പുതിയ പോസ്റ്റർ പുറത്തു വിട്ടു. മാസ്സ് ലുക്കിലാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. ആസിഫ് അലി, അപർണ ബാലമുരളി, അന്ന ബെൻ, ദിലീഷ് പോത്തൻ എന്നിവരെയും പോസ്റ്ററിൽ കാണാം. സംവിധായകൻ ഷാജി കൈലാസ് തന്നെയാണ് ചിത്രത്തിന്റെ പ്രത്യേക പോസ്റ്റർ പുറത്തു വിട്ടത്. സ്വാതന്ത്യ ദിന ആശംസകൾ നേർന്ന് കൊണ്ടാണ് സംവിധായകൻ ഫേസ്ബുക്കിൽ പോസ്റ്റർ പങ്കുവെച്ചത്.

പ്രഖ്യാപിച്ച സമയം മുതൽ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ഷാജി കൈലാസ്-പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന കാപ്പ. കടുവ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസ്-പൃഥ്വിരാജ് സുകുമാരൻ കൂട്ടുകെട്ടിലൊരുങ്ങുന്ന കാപ്പയുടെ ചിത്രീകരണം ജൂലൈ 15 നാണ് ആരംഭിച്ചത്.

കാപ്പയുടെ ചിത്രങ്ങളും മേക്കിങ് വിഡിയോകളുമൊക്കെ നടൻ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ടായിരുന്നു. നേരത്തെ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയിരുന്നു. ‘കൊട്ട മധു’ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രങ്ങൾ വൈറലാവുകയും ചെയ്‌തിരുന്നു.

ആസിഫ് അലിയും അന്ന ബെന്നും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജി.ആർ.ഇന്ദുഗോപന്റെ ‘ശംഖുമുഖി എന്ന നോവലിനെ ആസ്‌പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്‍കെ റൈറ്റേഴ്‌സ് യൂണിയൻ എന്നിവരുടെ സഹകരണത്തിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Read More: പാലാപ്പള്ളി തിരുപ്പള്ളി… ഗാനത്തിന് അതിശയിപ്പിക്കുന്ന നൃത്തച്ചുവടുമായി ഡോക്ടേഴ്‌സ്, ഹിറ്റ് വിഡിയോ പങ്കുവെച്ച് ആരോഗ്യമന്ത്രി

അതേ സമയം വലിയ വരവേൽപ്പാണ് മലയാളി പ്രേക്ഷകർ കടുവയ്ക്ക് നൽകിയത്. തിയേറ്ററുകളിൽ വലിയ ആഘോഷമായി മാറിയ കടുവ മികച്ച വിജയമാണ് തിയേറ്ററുകളിൽ നേടിയത്.

Story Highlights: Kappa independence day special poster released