മമ്മൂട്ടി-ബി.ഉണ്ണികൃഷ്‌ണൻ ചിത്രം; ചിങ്ങം ഒന്നിന് വലിയ പ്രഖ്യാപനമുണ്ടെന്ന് അണിയറ പ്രവർത്തകർ

August 12, 2022

വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും ബി. ഉണ്ണികൃഷ്‌ണനും ഒരുമിക്കുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം പ്രമാണിക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്‌ണൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്.

ഇപ്പോൾ ചിത്രത്തെ പറ്റിയുള്ള ഒരു പുതിയ വാർത്ത പുറത്തു വന്നിരിക്കുകയാണ്. സിനിമയെ പറ്റിയുള്ള ഒരു വലിയ പ്രഖ്യാപനം ചിങ്ങം ഒന്നിന് ഉണ്ടാവുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഒരു പക്ഷെ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഈ ദിവസം ഉണ്ടായേക്കും. എന്നാൽ ഇതിനെ കുറിച്ച് ഇത് വരെ സ്ഥിരീകരണമുണ്ടായിട്ടില്ല. ഒരു വലിയ പ്രഖ്യാപനം ചിങ്ങം ഒന്നിന് ഉണ്ടാവുമെന്ന് മാത്രമാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ അറിയിച്ചത്.

ഉദയ് കൃഷ്ണ തിരക്കഥയെഴുതി ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ചിത്രത്തിൽ മമ്മൂട്ടി പോലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. എറണാകുളവും വണ്ടിപ്പെരിയാറും പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകളിലാണ്. കൂടാതെ ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നേരത്തെ തമിഴ് നടൻ വിനയ് റായി ചിത്രത്തിൽ വില്ലനാവുമെന്ന വാർത്ത പുറത്തു വന്നിരുന്നു. മിഷ്‌കിന്റെ ‘തുപ്പറിവാളൻ’ അടക്കമുള്ള ചിത്രങ്ങളിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് താരം. സ്‌നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോൾ എന്നിവർ ചിത്രത്തിലെ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Read More: മോഹൻലാലിൻറെ ‘മോൺസ്റ്റർ’ എത്തുന്നു; പുലിമുരുകൻ ടീമിന്റെ ചിത്രം റിലീസിനൊരുങ്ങുന്നു

അതേ സമയം മോഹൻലാൽ ചിത്രമായ ആറാട്ടിന്റെ വിജയത്തിന് ശേഷം ബി.ഉണ്ണികൃഷ്‌ണനും തിരക്കഥാകൃത്ത് ഉദയകൃഷ്‌ണയും വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഇത്.

Story Highlights: Mammootty film big announcement