ലിയോ ഇല്ലാത്ത ബാലൺ ഡി ഓർ; 2005 ന് ശേഷം ഇതാദ്യം

August 13, 2022

2005 ന് ശേഷം ഇതാദ്യമായി ബാലൺ ഡി ഓർ പട്ടികയിൽ ലയണൽ മെസ്സി ഇല്ല. ലോക ഫുട്ബോളിന്റെ രാജാവായ മെസ്സി ഇല്ലാതെ ഒരു ബാലൺ ഡി ഓർ പുരസ്കാര പട്ടിക അത് ഫുട്ബോൾ ആരാധകർക്ക് ചിന്തിക്കാൻ കഴിയാത്തതാണ്. തുടർച്ചയായി സീസണുകളിൽ പട്ടികയിൽ ഇടം പിടിച്ച മെസ്സിക്ക് കഴിഞ്ഞ സീസണിൽ കാര്യമായി തിളങ്ങാനായിരുന്നില്ല.

ബാർസയിൽ നിന്ന് പി എസ് ജി യിലെത്തിയ മെസ്സി കഴിഞ്ഞ സീസണിൽ ആകെ 11 ഗോളുകൾ മാത്രമാണ് നേടിയത്. നെയ്മർ, മെസ്സി, എമ്പാപെ ത്രയത്തിന് കഴിഞ്ഞ സീസണിൽ പി എസ് ജി യെ ലീഗ് ചാമ്പ്യൻമാരാക്കാൻ കഴിഞ്ഞിരുന്നെങ്കിലും. ചാമ്പ്യൻസ് ലീഗിൽ കാര്യമായ നേട്ടത്തിലേക്കെത്തിക്കാൻ കഴിഞ്ഞിരുന്നില്ല.

ഇന്നലെയാണ് ഈ വര്‍ഷത്തെ അവാര്‍ഡിനുള്ള 30 പേരുടെ ചുരുക്കപ്പട്ടിക സംഘാടകരായ ഫ്രാന്‍സ് ഫുട്‌ബോള്‍ പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം ഏഴാം തവണ ബാലൺ ഡി ഓർ സ്വന്തമാക്കിയ മെസ്സി ചരിത്രം രചിക്കുകയായിരുന്നു. നേരത്തെ, 2009, 2010, 2011, 2012, 2015, 2019 എന്നീ വര്‍ഷങ്ങളില്‍ മെസി ബാലൺ ഡി ഓർ പുരസ്ക്കാരം നേടിയിരുന്നു.

മെസ്സി ബലൺ ഡി ഓറിന്റെ ലിസ്റ്റിൽ ഉൾപ്പെട്ടില്ലെങ്കിലും റൊണാൾഡോ, ബെൻസമ, ലെവന്റോസ്കി തുടങ്ങിയ പ്രമുഖരെല്ലാം പട്ടികയിലുണ്ട്. റയൽ മാഡ്രിഡിനെ ചാമ്പ്യൻസ് ലീഗിലും ലാലിഗയിലും ചാമ്പ്യൻമാരാക്കിയ കരിം ബെൻസമയ്ക്കാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.

Read More: അമ്മയായി പത്ത് മാസത്തിനുള്ളിൽ കോമൺവെൽത്ത് മെഡൽ; ദീപിക തന്റെ അഭിമാനമെന്ന് ദിനേശ് കാർത്തിക്ക്

ഒക്ടോബർ 17 നാണ് പുരസ്‌കാര പ്രഖ്യാപനം. 30 പേരുടെ പ്രാഥമിക പട്ടികയിൽ നിന്ന് പുരസ്‌കാരം വേദിയിലെത്തുന്ന 3 പേർ ആരൊക്ക ആകുമെന്നറിയാനാണ് ഫുട്ബാൾ പ്രമികളുടെ ഇനിയുള്ള കാത്തിരിപ്പ്. കഴിഞ്ഞ പുരസ്‌കാരം മെസ്സി നേടിയെങ്കിലും ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം ലെവന്റോസ്കിയായിരുന്നു നേടിയത്.

Story Highlights: Messi out of ballon d’or