ഷെയിൻ നിഗത്തിന് വേണ്ടി പാടി മോഹൻലാൽ, റിലീസ് ചെയ്‌തത്‌ ഫഹദ് ഫാസിൽ; ‘ബർമുഡ’യിലെ വിഡിയോ ഗാനം

August 5, 2022

ടി.കെ. രാജീവ്കുമാർ സംവിധാനം ചെയ്‌ത്‌ ഷെയിൻ നിഗം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ബർമുഡ.’ ഈ ചിത്രത്തിൽ നടൻ മോഹൻലാൽ പാടിയ ഗാനമാണ് “ചോദ്യചിഹ്നം പോലെ..” എന്ന് തുടങ്ങുന്ന ഗാനം. ഗാനത്തിന്റെ ലിറിക്കൽ വിഡിയോ നേരത്തെ പുറത്തു വന്നിരുന്നു. മമ്മൂട്ടിയടക്കമുള്ളവർ ഗാനം ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.

ഇപ്പോൾ ഗാനത്തിന്റെ വിഡിയോ പുറത്തു വന്നിരിക്കുകയാണ്. സിനിമയിലെ സീനുകളും മോഹൻലാൽ സ്റ്റുഡിയോയിൽ ഈ ഗാനം ആലപിക്കുന്നതും ഉൾപ്പെടുന്നതാണ് വിഡിയോ. ഫഹദ് ഫാസിലാണ് തന്റെ ഔദ്യോഗിക സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ സോങ് റിലീസ് ചെയ്‌തിരിക്കുന്നത്‌. രമേശ് നാരായണൻ സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്.

നേരത്തെ ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന ടി.കെ.രാജീവ്കുമാർ ചിത്രത്തിലും മോഹൻലാൽ പാടിയിട്ടുണ്ട്. “കൈതപ്പൂവിന് കന്നിക്കുറുമ്പിൽ..” എന്ന ഗാനം ഇപ്പോഴും മലയാളികളുടെ ഇഷ്‌ട ഗാനങ്ങളിലൊന്നാണ്. മഞ്ജു വാര്യറും അബ്ബാസുമാണ് ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്.

Read More: ‘വളരെ നാളുകൾക്ക് ശേഷം പഴയ സുഹൃത്തുക്കൾ ഒത്തുചേർന്നപ്പോൾ..’- രംഭയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളുമായി ഖുശ്‌ബു

ഒരു കോമഡി ഡ്രാമ ചിത്രമായി ഒരുങ്ങുന്ന ബർമുഡയിൽ വിനയ് ഫോർട്ടും ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുദര്‍ശന്‍, ദിനേശ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഓഗസ്റ്റ് 19 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. വെയിൽ എന്ന ചിത്രത്തിന് ശേഷം ഷെയിൻ നിഗം നായകനാവുന്ന ചിത്രം കൂടിയാണ് ‘ബർമുഡ.’

Story Highlights: Mohanlal sings for shane nigam movie