മാസ്സ് ലുക്കിൽ പ്രഭാസ്; ആരാധകർ കാത്തിരുന്ന ആ വമ്പൻ പ്രഖ്യാപനം ഇതാണ്

August 15, 2022

കെജിഎഫിന്റെ സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സലാർ.’ തെലുങ്ക് സൂപ്പർ താരം പ്രഭാസ് നായകനാവുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് കെജിഎഫ് നിർമ്മിച്ച ഹൊംബാലെ ഫിലിംസ് തന്നെയാണ്. നേരത്തെ സ്വാതന്ത്ര്യ ദിനമായ ഇന്ന് ഒരു വലിയ പ്രഖ്യാപനമുണ്ടാവുമെന്ന് ഹൊംബാലെ ഫിലിംസ് അറിയിച്ചിരുന്നു.

ഇപ്പോൾ ആ പ്രഖ്യാപനം വന്നിരിക്കുകയാണ്. സലാറിന്റെ റിലീസ് തീയതി പുറത്തു വിട്ടിരിക്കുകയാണ് നിർമ്മാതാക്കൾ. 2023 സെപ്റ്റംബർ 28 ന് ലോകത്താകമാനം ചിത്രം റിലീസ് ചെയ്യുമെന്നാണ് ഹൊംബാലെ ഫിലിംസ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചു കൊണ്ടാണ് നിർമ്മാതാക്കൾ റിലീസ് തീയതി അറിയിച്ചത്.

പ്രഭാസ് ഇരട്ട വേഷത്തിലാണ് ചിത്രത്തിൽ അഭിനയിക്കുന്നതെന്നാണ് സൂചന. രണ്ട് കാലഘട്ടങ്ങളിൽ നടക്കുന്ന കഥകളിൽ വ്യത്യസ്‌തമായ രണ്ട് റോളുകളിലാണ് പ്രഭാസെത്തുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ ബാഹുബലിയിലും പ്രഭാസ് ഡബിൾ റോളിലെത്തിയിരുന്നു.

സൂപ്പർ താരം പൃഥ്വിരാജ് ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. സലാറിൽ താനും പൃഥ്വിരാജും ഒന്നിച്ച് അഭിനയിക്കുന്നുണ്ടെന്ന് പ്രഭാസ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ നേരത്തെ അറിയിച്ചത്. മികച്ചൊരു നടനാണ് അദ്ദേഹമെന്നും പൃഥ്വിരാജിനൊപ്പം അഭിനയിക്കാൻ അവസരമൊരുക്കിയ അണിയറപ്രവർത്തകർക്ക് നന്ദിയുണ്ടെന്നും പ്രഭാസ് പറഞ്ഞു. ഇന്ത്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവടങ്ങളിലായിരിക്കും സലാറിന്റെ ചിത്രീകരണം നടക്കുന്നത്.

Read More: സ്വാതന്ത്യ ദിന ആശംസകളുമായി ‘കാപ്പ’യുടെ പുതിയ പോസ്റ്റർ; പങ്കുവെച്ച് ഷാജി കൈലാസ്

അതേ സമയം ഇൻഡ്യയൊട്ടാകെയുള്ള തിയേറ്ററുകളെ ഇളക്കിമറിച്ചാണ് കെജിഎഫ് 2 പ്രദർശനത്തിനെത്തിയത്. പല ബോക്സോഫീസ് റെക്കോർഡുകളും ചിത്രം ആദ്യ ദിനം തന്നെ തകർത്തിരുന്നു. ‘കെജിഎഫ് 2’ വിന്റെ തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി പതിപ്പുകൾ അതാത് ഇന്ടസ്ട്രികളിൽ മികച്ച കളക്ഷനാണ് ആദ്യ ദിനം നേടിയത്.

Story Highlights: Salaar release date