“ത്യാഗങ്ങളെ പറ്റി കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നു..”; വീട്ടിൽ ദേശീയ പതാക ഉയർത്തി ഷാരൂഖ് ഖാൻ, വിഡിയോയ്‌ക്കൊപ്പം ശ്രദ്ധേയമായ കുറിപ്പും

August 15, 2022

രാജ്യം സ്വാതന്ത്ര്യത്തിൻറെ എഴുപത്തഞ്ചാം വാർഷിക ദിനത്തിന്റെ നിറവിലാണ്. വലിയ ആഘോഷങ്ങളാണ് രാജ്യം മുഴുവൻ നടന്നു കൊണ്ടിരിക്കുന്നത്. എഴുപത്തഞ്ചാം വാർഷികത്തിന്റെ ഭാഗമായാണ് രാജ്യം ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുന്നത്. ഇതിനോടനുബന്ധിച്ച് നടക്കുന്ന ‘ഹർ ഘർ തിരംഗ’ പരിപാടിയുടെ ഭാഗമായി രാജ്യത്തെ വീടുകളിലൊക്കെ ദേശീയ പതാക ഉയരുകയാണ്. നിരവധി പ്രമുഖരും ഈ പരിപാടിയുടെ ഭാഗമായി തങ്ങളുടെ വീടുകളിൽ ത്രിവർണ പതാക ഉയർത്തിയിട്ടുണ്ട്.

ഇപ്പോൾ നടൻ ഷാരൂഖ് ഖാനും ഹർ ഘർ തിരംഗയുടെ ഭാഗമായിരിക്കുകയാണ്. വീട്ടിൽ ദേശീയ പാതാ ഉയർത്തുന്നതിന്റെ വിഡിയോ താരം ട്വിറ്ററിൽ പങ്കുവെച്ചിരിക്കുകയാണ്. “കുട്ടികൾക്ക് സ്വാതന്ത്യ സമര സേനാനികളുടെ ത്യാഗത്തെയും മഹത്വത്തെയും പറ്റി പറഞ്ഞു കൊടുത്തു കൊണ്ടിരിക്കുകയാണ്. വീട്ടിലെ ഏറ്റവും ചെറിയ ആൾ ദേശീയ പതാക ഉയർത്തിയ നിമിഷം വലിയ അഭിമാനവും സന്തോഷവും ഞങ്ങൾക്ക് നൽകി.” ദേശീയ പതാക ഉയർത്തുന്നതിന്റെ വിഡിയോ പങ്കുവെച്ചു കൊണ്ട് താരം ട്വിറ്ററിൽ കുറിച്ചു.

അതേ സമയം മലയാള സിനിമ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയവരും വീട്ടിൽ ദേശീയ പതാക ഉയർത്തുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

കൊച്ചി എളമക്കരയിലെ വീട്ടിൽ പതാക ഉയർത്തുന്നതിന്റെ വിഡിയോ മോഹൻലാൽ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ആസാദി കാ അമൃത് മഹോത്സവത്തിൽ അഭിമാനപൂർവ്വം പങ്ക് ചേരുന്നുവെന്നും ‘ഹർ ഘർ തിരംഗ’ രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കുമെന്നും മോഹൻലാൽ പറഞ്ഞു.

Read More: ‘ശരീരത്തിൽ ദേശഭക്തി പടർന്നു കയറിയ നിമിഷം..’; ഇന്ത്യൻ നാവികസേനയ്‌ക്കൊപ്പം ദേശീയ പതാകയേന്തി സൽമാൻ ഖാൻ

അതേ സമയം കഴിഞ്ഞ ദിവസം ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ച മോഹൻലാലിൻറെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. നാവികസേനയും കൊച്ചിൻ കപ്പൽശാലയും സംയുക്തമായാണ് ഐഎൻഎസ് വിക്രാന്തിലേക്ക് മോഹൻലാലിനെ ക്ഷണിച്ചത്. മോഹൻലാൽ തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. സംവിധായകൻ മേജർ രവിയും മോഹൻലാലിനെ അനുഗമിച്ചിരുന്നു.

Story Highlights: Sharukh khan shares flag hoisting video