സസ്‌പെൻസ് ത്രില്ലറുമായി പൃഥ്വിരാജ്, ഒപ്പം ഇന്ദ്രജിത്തും; ‘തീർപ്പ്’ ട്രെയ്‌ലർ എത്തി

August 14, 2022

കമ്മാരസംഭവത്തിന് ശേഷം മുരളി ഗോപിയും രതീഷ് അമ്പാട്ടും ഒന്നിക്കുന്ന ചിത്രമാണ് ‘തീർപ്പ്.’ ഒരുപാട് നാളുകൾക്ക് ശേഷം പൃഥ്വിരാജ് സഹോദരനായ ഇന്ദ്രജിത്തിനൊപ്പം അഭിനയിക്കുന്ന ചിത്രം കൂടിയാണ് തീർപ്പ്. ചിത്രം ഇപ്പോൾ റിലീസിനൊരുങ്ങുകയാണ്. നേരത്തെ തന്നെ തീർപ്പിന്റെ ടീസറുകൾ പുറത്തു വന്നിരുന്നു.

ഇപ്പോൾ ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തിരിക്കുകയാണ്. ഒരു സസ്‌പെൻസ് ത്രില്ലറായാണ് ചിത്രം ഒരുങ്ങിയിരിക്കുന്നതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. വ്യത്യസ്‌തമായ കമ്മാരസംഭവം ചെയ്‌ത ടീമിനൊപ്പം പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവർ കൂടി ചേരുന്നതോടെ പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമാണ്. ഇഷ തല്‍വാര്‍, സൈജു കുറുപ്പ്, ലുക്മാന്‍ അവറാന്‍, മാമുക്കോയ, ഹന്ന റെജി കോശി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അതേ സമയം കാപ്പയിലാണ് പൃഥ്വിരാജ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. പ്രഖ്യാപിച്ച സമയം മുതൽ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ഷാജി കൈലാസ്-പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന കാപ്പ. ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന കാപ്പയുടെ ചിത്രങ്ങളും മേക്കിങ് വിഡിയോകളുമൊക്കെ നടൻ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ടായിരുന്നു കടുവ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസ്-പൃഥ്വിരാജ് സുകുമാരൻ കൂട്ടുകെട്ടിലൊരുങ്ങുന്ന കാപ്പയുടെ ചിത്രീകരണം ജൂലൈ പകുതിയോടെ ആരംഭിച്ചിരുന്നു.

Read More: മോഹൻലാലിൻറെ സ്‌കൂട്ടർ ‘ഓടിച്ച്’ പൃഥ്വിരാജ്; ചിത്രം പങ്കുവെച്ച് സുപ്രിയ

ആസിഫ് അലിയും അന്ന ബെന്നും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജി.ആർ.ഇന്ദുഗോപന്റെ ‘ശംഖുമുഖി എന്ന നോവലിനെ ആസ്‌പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്‍കെ റൈറ്റേഴ്‌സ് യൂണിയൻ എന്നിവരുടെ സഹകരണത്തിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Story Highlights: Theerppu trailer released