കുട്ടികളിൽ പടരുന്ന തക്കാളി പനി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

August 26, 2022

തക്കാളി പനി കേരളത്തിൽ വ്യാപകമായി പടരുകയാണ്. കുട്ടികളും രോഗബാധിതരാവുന്നത് ആശങ്കയുളവാക്കുന്നുണ്ട്. കേരളത്തിൽ നൂറോളം പേർക്കാണ് തക്കാളിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിന് പുറമെ തമിഴ്നാട്, ഒഡീഷ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും തക്കാളിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രോഗം വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത നിർദ്ദേശവും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്. കുട്ടികളിലും തക്കാളിപ്പനി പിടിപെടുന്ന സാഹചര്യത്തിലാണ് ജാഗ്രത നിർദ്ദേശം പുറത്തിറക്കിയത്. ഒരു വയസ്സിനും പത്തുവയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളിൽ പിടിപെടുന്ന തക്കാളിപ്പനിക്ക് സാർസ് കോവ്-2 വൈറസ്, മങ്കിപോക്സ്, ഡെങ്കി, ചിക്കുൻ​ഗുനിയ എന്നിവയുമായി യാതൊരു ബന്ധവുമില്ലെന്നും നിർദേശങ്ങളിൽ വ്യക്തമാക്കുന്നുണ്ട്.

തക്കാളി പനിയിൽ നിന്ന് രക്ഷ നേടാൻ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റു വൈറൽ രോഗങ്ങളിൽ കാണുന്ന പനി, ക്ഷീണം, ശരീര വേദന തുടങ്ങിയ ലക്ഷണങ്ങൾ തക്കാളിപ്പനിയിലും കാണാം. പൊതുവെ കുട്ടികളിലാണ് ഈ രോഗം കണ്ടുവരുന്നത്. കുട്ടികളിൽ പാദത്തിലും കൈവെള്ളയിലും വായിലും ചുണ്ടിലുമെല്ലാം പിടിപെടുന്ന ഒരു വൈറസ് രോഗമാണിത്. വയറുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം തുടങ്ങിയവയും രോഗലക്ഷണമാണ്. ഹാൻഡ്-ഫൂട്ട്-മൗത്ത് ഡിസീസ് എന്ന ഈ രോഗം തക്കാളിപ്പനിയെന്നാണ് അറിയപ്പെടുന്നത്.

Read More: വ്യാഴത്തിന്റെ ചിത്രങ്ങൾ പുറത്ത്; അവിശ്വസനീയമെന്ന് ശാസ്‌ത്രജ്ഞർ

അപൂർവമായാണ് ഈ രോഗം മുതിർന്നവരിൽ കണ്ടുവരുന്നത്. ശരീര ശുചിത്വവും വൃത്തിയുമാണ് രോഗത്തെ പ്രതിരോധിക്കാനുള്ള പ്രധാനമാർഗ്ഗം. രോഗബാധിതരിൽ നിന്നും നേരിട്ടാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. അതുകൊണ്ട് തന്നെ രോഗലക്ഷണം കണ്ടുതുടങ്ങിയാൽ മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ അഞ്ചുമുതൽ ഏഴു ദിവസത്തോളം ഐസൊലേഷനിലിരിക്കാനും ജാഗ്രത നിർദ്ദേശത്തിൽ പറയുന്നുണ്ട്. ദേഹത്തു വരുന്ന കുരുക്കൾ ചൊറിഞ്ഞുപൊട്ടാതിരിക്കുക. വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ മറ്റു കുട്ടികൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഒരാഴ്ച മുതൽ പത്ത് ദിവസം കൊണ്ട് രോഗം പൂർണമായും ചികിൽസിച്ച് ഭേദമാക്കാം. പിന്നീടുള്ള ചികിത്സ രോഗ ലക്ഷണങ്ങൾക്കനുസരിച്ചാണ്.

Story Highlights: Tomato fever advisory from centre