“കൊല്ലം ആയാലും ആലപ്പുഴ ആയാലും തല്ല് വേണ്ട, സോറി മതി..”; തല്ലുമാലയിലെ ദൃശ്യങ്ങളുമായി കേരള പോലീസിന്റെ രസകരമായ ഫേസ്ബുക്ക് പോസ്റ്റ്-വിഡിയോ
കേരള പോലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. തല്ല് വേണ്ട, സോറി മതിയെന്ന ഉപദേശ പോസ്റ്റുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. പരിഹരിക്കാനാകുന്ന ചെറിയ പ്രശ്നങ്ങളുടെ പേരിൽ വലിയ അടിപിടിക്കേസുകളുണ്ടാകുന്ന പശ്ചാത്തലത്തിലാണ് കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
“തല്ല് വേണ്ട സോറി മതി. ആരാണ് ശക്തൻ.. മല്ലയുദ്ധത്തിൽ എതിരാളിയെ മലർത്തിയടിക്കുന്നവനല്ല, മറിച്ച് തന്റെ കോപത്തെ അടക്കിനിർത്തുന്നവനാണ് ശക്തൻ. Anyway ഒരു സോറിയിൽ തീരാവുന്ന പ്രശ്നങ്ങളെ ഈ ദുനിയാവിലുള്ളൂ അതിപ്പോ കൊല്ലത്തായാലും ആലപ്പുഴ ആയാലും”- തല്ലുമാലയിലെ ദൃശ്യങ്ങൾ പങ്കുവെച്ചു കൊണ്ട് കേരള പോലീസ് ഫേസ്ബുക്കിൽ കുറിച്ചു.
നേരത്തെയും ഇത്തരം രസകരവും കൗതുകമുണർത്തുന്നതും ഒപ്പം ബോധവൽക്കരണം നടത്തുന്നതുമായ വിഡിയോകളും ചിത്രങ്ങളുമൊക്കെ കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെയ്ക്കപ്പെടാറുണ്ടായിരുന്നു. ഇതിൽ പലതും വളരെ ശ്രദ്ധേയമായി മാറിയിട്ടുമുണ്ട്.
പാലക്കാട് നാട്ടുകൽ പോലീസ് സ്റ്റേഷനിൽ ഒരു കുഞ്ഞു ഗായകൻ പാടുന്നതിന്റെ വിഡിയോ ഇതിന് മുൻപ് വളരെയധികം ശ്രദ്ധേയമായി മാറിയിരുന്നു. യാദവ് എന്ന കുഞ്ഞു ഗായകന്റെ പാട്ടാണ് കേരള പോലീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. നാട്ടുകൽ പോലീസ് സ്റ്റേഷനിലെ അലങ്കാര മത്സ്യങ്ങളെ കാണാനെത്തിയതായിരുന്നു ഈ കുഞ്ഞു കലാകാരൻ.
ഇതിനിടയിലാണ് യാദവ് അതിമനോഹരമായ ഒരു നാടൻ പാട്ട് പോലീസ് മാമന്മാർക്ക് വേണ്ടി പാടിക്കൊടുത്തത്. പാട്ടിനൊപ്പം ഈ കൊച്ചു ഗായകന് താളം പിടിക്കാനായി ചെറിയ സ്റ്റൂൾ നീക്കിക്കൊടുക്കുന്ന പോലീസുകാരെയും വിഡിയോയിൽ കാണാം.
Story Highlights: Kerala police funny thallumala video