സിജു വിൽസണിൽ നിന്ന് വേലായുധ പണിക്കരിലേക്ക്..; താരത്തിന്റെ അമ്പരപ്പിക്കുന്ന മേക്കോവർ വിഡിയോ

September 23, 2022

വിനയന്റെ ‘പത്തൊമ്പതാം നൂറ്റാണ്ട്’ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുമ്പോൾ വലിയ കൈയടിയാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ച നടൻ സിജു വിൽസൺ നേടുന്നത്. മലയാളത്തിൽ ഒരു പുതിയ ആക്ഷൻ ഹീറോ ഉദയം കൊണ്ടിരിക്കുന്നു എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.

വലിയ കഠിനാധ്വാനമാണ് നായക കഥാപാത്രമായ വേലായുധ പണിക്കരായി മാറാൻ സിജു എടുത്തത്. ശാരീരികമായി പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു പോരാളിയായി മാറാൻ കളരിപ്പയറ്റ്, കുതിര സവാരി അടക്കം നിരവധി മേഖലകളിൽ സിജു പരിശീലനം നേടിയിരുന്നു.

ഇപ്പോൾ ചിത്രത്തിന് വേണ്ടിയുള്ള സിജു വിത്സന്റെ മേക്കോവർ വിഡിയോ പുറത്തു വന്നിരിക്കുകയാണ്. സംവിധായകൻ വിനയനാണ് സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വളരെ കുറച്ചു മാസങ്ങൾ കൊണ്ടാണ് സിജു വിൽസൺ ചിത്രത്തിന് വേണ്ടിയുള്ള അമ്പരപ്പിക്കുന്ന മേക്കോവർ നടത്തിയത്.

“പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിലൂടെ മലയാളത്തിൽ ഒരു പുതിയ ആക്ഷൻ ഹീറോ ഉദയം കൊണ്ടിരിക്കുകയാണെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. സിജുവിനും ഈ സിനിമയ്ക്കും കിട്ടിയ സ്വീകാര്യത തന്നെയാണ് മൂന്നാം വാരത്തിലും പത്തൊമ്പതാം നൂറ്റാണ്ട് നിറഞ്ഞ സദസ്സുകളിൽ എല്ലാ റിലീസ് കേന്ദ്രങ്ങളിലും ഓടുന്നത്. സിജു ഏറെ കഠിനാധ്വാനം ചെയ്തിട്ടുണ്ട് വേലായുധപ്പണിക്കരെന്ന പോരാളിയായി മേക്കോവർ നടത്താൻ. ആ മേക്കോവറിന്റെ ചില ദൃശ്യങ്ങളാണ് ഈ വീഡിയോയിലൂടെ ഷെയർ ചെയ്യുന്നത്.” -വിഡിയോ പങ്കുവെച്ചു കൊണ്ട് വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.

Read More: “അവസ്ഥ മോശമാണ്, വീട്ടിലേക്ക് വരാൻ പറ്റുന്നില്ല..”; ഓണം ബമ്പർ അടിച്ച അനൂപിന്റെ ഫേസ്ബുക്ക് ലൈവ് വിഡിയോ

പത്തൊമ്പതാം നൂറ്റാണ്ടിലെ നവോത്ഥാന നായകനായ ആറാട്ടുപുഴ വേലായുധപണിക്കരുടെ കഥ പറയുന്ന ഈ ചിത്രം ​ശ്രീ ​ഗോകുലം മൂവീസിന്റെ ബാനറിൽ ​ഗോകുലം ​ഗോപാലനാണ് നിർമ്മിച്ചിരിക്കുന്നത്. മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും ശബ്‌ദസാന്നിധ്യമായി ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.

Story Highlights: Siju wilson makeover video