“ഈ ഗോൾ എന്റെ മകൾക്ക് വേണ്ടി..”; ഗോൾ നേട്ടം മകൾക്ക് സമർപ്പിച്ച് വിതുമ്പി അഡ്രിയാൻ ലൂണ
ഇന്നലത്തെ കേരള ബ്ലാസ്റ്റേഴ്സിന്റെ തകർപ്പൻ വിജയത്തിൽ നിർണായകമായത് സൂപ്പർ താരം അഡ്രിയാൻ ലൂണയുടെ ആദ്യ ഗോളായിരുന്നു. അതിന് ശേഷം ആവേശത്തിലായ ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളുകൾ കൂടി നേടിയാണ് വിജയം പൂർത്തിയാക്കിയത്.
ആദ്യ ഗോൾ നേടിയതിന് ശേഷമുള്ള ലൂണയുടെ പ്രതികരണം ശ്രദ്ധേയമായി മാറിയിരുന്നു. ഗോൾ അടിച്ചതിന് ശേഷം കണ്ണുനിറഞ്ഞ് കൈയില്‍ പതിപ്പിച്ച മകള്‍ ജൂലിയേറ്റയുടെ ടാറ്റുവിന് നേരെ വിരല്‍ചൂണ്ടുകയായിരുന്നു താരം. കഴിഞ്ഞ ഏപ്രിൽ ഒൻപതിനായിരുന്നു ലൂണയുടെ ആറു വയസുകാരി മകള്‍ ജൂലിയേറ്റ ഈ ലോകത്തോട് വിടപറഞ്ഞത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരം ഇക്കാര്യം അറിയിച്ചത്. ഐഎസ്എൽ ഒൻപതാം സീസണിലെ ആദ്യ ഗോൾ ലൂണ മകൾക്ക് സമർപ്പിച്ചതോടെ ആരാധകർക്കും നൊമ്പരം നൽകിയ ഒരു നിമിഷമായി അത് മാറുകയായിരുന്നു.
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ 3-1 നാണ് കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ തകർത്തെറിഞ്ഞത്. അഡ്രിയാൻ ലൂണയിലൂടെയാണ് കേരളത്തിൻ്റെ ആദ്യഗോൾ പിറന്നത്. പിന്നീട് ഇവാൻ കല്യൂഷ്നി ഇരട്ട ഗോൾ നേടി ബ്ലാസ്റ്റേഴ്സിന്റെ വിജയം പൂർത്തിയാക്കുകയായിരുന്നു. അലക്സിലൂടെയാണ് ഈസ്റ്റ് ബംഗാൾ ആശ്വാസ ഗോൾ കണ്ടെത്തിയത്.
Read More: വീണ്ടും താരമായി നടൻ മാധവന്റെ മകൻ; നാഷണൽ ഗെയിംസിൽ തിളങ്ങി വേദാന്ത് മാധവൻ
മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് മഞ്ഞപ്പടയുടെ ആരാധകർക്ക് തങ്ങളുടെ ടീമിന്റെ മത്സരം നേരിട്ട് കാണാൻ ഇത്തവണ അവസരമൊരുങ്ങിയത്. അതിനാൽ തന്നെ ആരാധകർ വലിയ ആവേശത്തിലായിരുന്നു. വാരാന്ത്യങ്ങളിൽ കൂടുതൽ മത്സരങ്ങൾ നടക്കുന്ന രീതിയിലാണ് ഇത്തവണത്തെ ഫിക്സ്ചറുകൾ. എല്ലാ ദിവസവും മത്സരങ്ങൾ നടക്കില്ല. ഈ സീസൺ മുതൽ പ്ലേ ഓഫിന് പുതിയ ഫോർമാറ്റ് നടപ്പിലാക്കും. ലീഗ് ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമുകൾ നേരിട്ട് സെമിഫൈനലിലെത്തും. ടേബിളിൽ 3 മുതൽ 6 സ്ഥാനത്ത് വരെ ഫിനിഷ് ചെയ്യുന്ന ടീമുകൾ തമ്മിൽ സിംഗിൾ ലെഗ് പ്ലേ ഓഫ് മത്സരം കളിച്ച് മറ്റ് രണ്ട് സെമിഫൈനലിസ്റ്റുകളെ തെരഞ്ഞെടുക്കും. കഴിഞ്ഞ സീസൺ വരെ പട്ടികയിൽ ആദ്യം ഫിനിഷ് ചെയ്യുന്ന മൂന്ന് ടീമുകൾ സെമി കളിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്.
Story Highlights: Adrian luna dedicated goal to his daughter