“നന്ദി പറയേണ്ടത് മമ്മൂക്ക എന്ന മഹാമനുഷ്യനോട്‌, ഈ ധൈര്യത്തിന്..”; റോഷാക്കിനെ പറ്റിയുള്ള ആന്റോ ജോസഫിന്റെ കുറിപ്പ് വൈറലാവുന്നു

October 10, 2022

മലയാളികളെ വീണ്ടും തിയേറ്ററുകളിലേക്ക് തിരികയെത്തിക്കുകയാണ് മമ്മൂട്ടി ചിത്രം ‘റോഷാക്ക്.’ ചിത്രം പ്രദർശിപ്പിക്കുന്ന പല തിയേറ്ററുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മൂന്ന് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം 9.75 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. വലിയ പ്രശംസയാണ് ചിത്രത്തിന് പ്രേക്ഷകരും നിരൂപകരും ഒരേ പോലെ നൽകുന്നത്.

ഇപ്പോൾ ചിത്രത്തെയും മമ്മൂട്ടിയെയും പ്രശംസിച്ച് നിർമ്മാതാവ് ആന്റോ ജോസഫ് പങ്കുവെച്ച കുറിപ്പാണ് വൈറലാവുന്നത്. ഫേസ്ബുക്കിലാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ആന്റോ ജോസഫിന്റെ കുറിപ്പ്

എറണാകുളം എം.ജി.റോഡിലൂടെ ഇടതിങ്ങി നീങ്ങുന്ന വാഹനങ്ങളുടെ വീഡിയോയും മലയാള സിനിമയും തമ്മിൽ എന്ത് ബന്ധം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ‘റോഷാക്’. ഒരു കാലത്ത് ഗതാഗതക്കുരുക്ക് പതിവ് കാഴ്ചയായിരുന്ന ഈ പാതയിൽ പുതിയ വഴികളുടെ വരവോടെ തിരക്കൊഴിഞ്ഞു. വെള്ളിയാഴ്ച മുതൽ എം.ജി.റോഡ് ഏതോ ഭൂതകാല ദൃശ്യത്തിലെന്നോണം സ്തംഭിക്കുന്നതിൻ്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. തിയേറ്ററുകൾ ഒന്നിലധികമുണ്ട് എം.ജി.റോഡിൻ്റെ ഓരത്ത്. അവിടെയെല്ലാം ഇപ്പോൾ പ്രദർശിപ്പിക്കുന്നത് ‘റോഷാക്’ ആണ്. അതു തന്നെയാണ് തിരക്കിൻ്റെ കാരണവും. എം. ജി. റോഡിനെ പ്രതീകമായെടുത്താൽ തിരക്കൊഴിഞ്ഞ പലയിടങ്ങളെയും ആൾ സാന്നിധ്യം കൊണ്ട് ഉണർത്തുകയാണ് ഈ സിനിമയെന്നു പറയാം. നമ്മുടെ തിയേറ്ററുകൾ വീണ്ടും നിറഞ്ഞു തുളുമ്പുകയാണ്. മനസ് നിറയ്ക്കുന്ന കാഴ്ച. വരിനിൽക്കുന്നവരുടെ ബഹളവും വാഹനങ്ങളുടെ തിരക്കും ഹൗസ്ഫുൾ ബോർഡുകളുമെല്ലാമായി മലയാള സിനിമ നഷ്ടപ്രതാപം തിരിച്ചുപിടിക്കുന്ന കാഴ്ച. പാതിരാവും കടന്ന് നീളുന്ന അധികഷോകളുമായി രാത്രികൾ പകലാകുന്ന കാഴ്ച. സിനിമ ഒരുമയുടെയും സന്തോഷത്തിൻ്റെയും ആഘോഷത്തിൻ്റെയും കൂടാരമൊരുക്കുന്ന കാഴ്ച. മൂന്നു ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രമായി ‘റോഷാക് ‘ നേടിയ ഗ്രോസ് കളക്ഷൻ 9.75 കോടിയാണ്. നല്ല സിനിമകൾ ഉണ്ടായാൽ തിയേറ്ററുകളിലേക്ക് പ്രേക്ഷകർ ആവേശത്തോടെ ഇരമ്പിച്ചെല്ലും എന്ന് ഒരിക്കൽക്കൂടി തെളിയിക്കാൻ ‘റോഷാകി’ ന് കഴിഞ്ഞു. ഇതിന് നമ്മൾ നന്ദി പറയേണ്ടത് മമ്മൂക്കയെന്ന മഹാ മനുഷ്യനോടാണ്. ഇങ്ങനെയൊരു സിനിമ നിർമിക്കാൻ കാണിച്ച ധൈര്യത്തിന്..അത് പ്രേക്ഷകർക്ക് പുതിയ അനുഭവമായിരിക്കുമെന്ന് മുന്നേ അറിഞ്ഞ ഉൾക്കാഴ്ചയ്ക്ക്..സർവ്വോപരി ഓരോ നിമിഷത്തിലും ഞെട്ടിക്കുന്ന അദ്ഭുതാഭിനയത്തികവിന്… ഒരു ഇമയനക്കലിൽ, ചുണ്ടറ്റത്ത് വിരിയിക്കുന്ന ചിരിയിൽ, എന്തിന്.. പല്ലിടകൾക്കിടയിൽ നിന്നു പോലും തെളിഞ്ഞു വരികയാണ് മമ്മൂട്ടി എന്ന നടൻ. അത് കണ്ടുതന്നെ അറിയേണ്ട അനുഭവമാണ്. ‘റോഷാക്’ വിജയിക്കുമ്പോൾ മമ്മൂക്കയിലൂടെ മലയാള സിനിമയും ഒരിക്കൽക്കൂടി വിജയിക്കുന്നു. നന്ദി, പ്രിയ മമ്മൂക്ക..ഒപ്പം ഈ സിനിമയിലെ എല്ലാ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.

Read More: “പെയിന്റിങ്ങുമായി ഒതുങ്ങി കൂടാമെന്ന് കരുതി, അപ്പോഴാണ് മമ്മൂക്കയുടെ വിളി വരുന്നത്..”; റോഷാക്കിൽ അഭിനയിക്കാൻ എത്തിയതിനെ പറ്റി കോട്ടയം നസീർ

Story Highlights: Anto joseph viral facebook post about Rorschach