സഞ്ജുവിന്റെ മിന്നൽ ക്യാച്ച്; ധോണിയുടെ പിൻഗാമി തന്നെയെന്ന് ആരാധകർ-വിഡിയോ

October 11, 2022

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മൂന്നാം ഏകദിനത്തിൽ സഞ്ജു സാംസൺ എടുത്ത ഒരു ക്യാച്ചാണ് ഇപ്പോൾ ചർച്ചാവിഷയമാവുന്നത്. മത്സരത്തിൽ വിക്കറ്റ് കീപ്പറായി തിളങ്ങിയ താരം 16-ാം ഓവറില്‍ എടുത്ത ക്യാച്ചാണ് ശ്രദ്ധേയമാവുന്നത്. സ്പിന്നർ ഷഹ്‍ബാസ് അഹമ്മദ് എറിഞ്ഞ പന്ത് ദക്ഷിണാഫ്രിക്കന്‍ ബാറ്റർ ഏയ്ഡന്‍ മാർക്രാമിനെ ആശയക്കുഴപ്പത്തിലാക്കി. താരത്തിന്റെ ബാറ്റിലുരസി പന്ത് വളരെ പെട്ടെന്ന് പിന്നിലേക്ക് കുതിച്ചു.

എന്നാൽ വളരെ വിദഗ്‌ധമായി സഞ്ജു പന്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു. അനായാസം സഞ്ജു നേടിയ ഈ ക്യാച്ചിന് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ കൈയടിയാണ് ലഭിക്കുന്നത്. ഷാർപ്പ് ക്യാച്ച് എന്ന് കുറിച്ച് കൊണ്ടാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. സഞ്ജു ധോണിയെ അനുസ്‌മരിപ്പിക്കുന്നു എന്നാണ് നിരവധി ആരാധകർ അഭിപ്രായപ്പെടുന്നത്.

അതേ സമയം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മൂന്ന് ഏകദിനങ്ങളുടെ പരമ്പര അവസാന മത്സരത്തിലെ അനായാസ വിജയത്തിലൂടെ സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. 7 വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 100 റൺസിന്റെ വിജയലക്ഷ്യം വെറും 19.1 ഓവറിൽ 3 വിക്കറ്റ് നഷ്‌ടത്തിൽ ഇന്ത്യ മറികടന്നു. 49 റൺസെടുത്ത ശുഭ്മൻ ഗിൽ ഇന്ത്യയുടെ ടോപ്പ് സ്കോററായി. ജയത്തോടെ ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി.

Read More: നഗരത്തിരക്കിൽ നിന്നൊഴിഞ്ഞ് പബ്ബുകളും ബാറുമില്ലാതെ ശുദ്ധവായു നിറഞ്ഞ ഗ്രാമം; വിശ്രമജീവിതത്തിന് അനുയോജ്യമായ ഒരു നാട്

12 വർഷങ്ങൾക്ക് ശേഷമാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സ്വന്തം തട്ടകത്തിൽ ഇന്ത്യ പരമ്പര സ്വന്തമാക്കുന്നത്. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങിയത്. അതേസമയം മൂന്ന് മാറ്റങ്ങളുമായാണ് ദക്ഷിണാഫ്രിക്കയുടെ ടീം കളത്തിലിറങ്ങിയത്. ഡേവിഡ് മില്ലറായിരുന്നു ഈ മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ നായകൻ.

Story Highlights: Catch by sanju samson reminds fans of dhoni