കെജിഎഫ് നിർമ്മാതാക്കളുടെ മലയാള ചിത്രത്തിൽ ഫഹദ് ഫാസിൽ; ‘ധൂമം’ ഷൂട്ടിംഗ് ആരംഭിച്ചു

October 9, 2022

കെജിഎഫ് ചിത്രങ്ങളിലൂടെ ഇന്ത്യ മുഴുവൻ പ്രശസ്‌തമായ നിർമ്മാണ കമ്പനിയാണ് ഹൊംബാളെ ഫിലിംസ്. കെജിഎഫിന് ശേഷം നിരവധി ബിഗ് ബഡ്‌ജറ്റ്‌ ചിത്രങ്ങളാണ് കമ്പനി പ്രഖ്യാപിച്ചിരുന്നത്. ‘കാന്താര’ അടക്കമുള്ള ഹൊംബാളെ ഫിലിംസിന്റെ പല ചിത്രങ്ങളും വലിയ വിജയമായി മാറുമ്പോൾ വലിയ പ്രതീക്ഷയാണ് നിർമ്മാതാക്കളുടെ ഓരോ പുതിയ ചിത്രത്തിലും പ്രേക്ഷകർക്ക് ഉണ്ടാവുന്നത്.

ഇപ്പോൾ മലയാളത്തിലും സിനിമകൾ ചെയ്യാൻ ഒരുങ്ങുകയാണ് ഹൊംബാളെ ഫിലിംസ്. ലൂസിയ, യു ടേണ്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ പവന്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും അപര്‍ണ ബാലമുരളിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാള നടൻ റോഷൻ മാത്യുവും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സെപ്റ്റംബർ 30 നാണ് ചിത്രം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്.

‘ധൂമം’ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. പ്രീത ജയരാമൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പൂര്‍ണചന്ദ്ര തേജസ്വിയാണ് സംഗീത സംവിധാനം. ഹൊംബാളെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗന്ദൂര്‍ ആണ് നിര്‍മാണം. പ്രൊഡക്ഷൻ ഡിസൈൻ അനീസ് നാടോടി, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഷിബു ജി സുശീലൻ. മലയാളം, കന്നട, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം എത്തുക. പൂര്‍ണിമ രാമസ്വാമിയാണ് വസ്ത്രാലങ്കാരം.

Read More: “എയ് പുത്തർ..”; കാത്തിരിപ്പിനൊടുവിൽ മോൺസ്റ്ററിന്റെ ട്രെയ്‌ലർ എത്തി

അതേ സമയം മലയൻകുഞ്ഞാണ് അവസാനമായി തിയേറ്ററുകളിലെത്തിയ ഫഹദ് ഫാസിൽ ചിത്രം. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ജൂലൈ 22 നാണ് മലയൻകുഞ്ഞ് തിയേറ്ററുകളിലെത്തിയത്. നിരവധി ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള സജിമോൻ ആദ്യമായി സംവിധാനം ചെയ്‌ത ചിത്രമാണ് മലയൻകുഞ്ഞ്. ഒരേ പോലെ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഏറ്റുവാങ്ങിയ ചിത്രമായിരുന്നു മലയൻകുഞ്ഞ്. മികച്ച തിയേറ്റർ അനുഭവമാണ് ചിത്രം നൽകിയതെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞത്. നിരവധി പ്രമുഖരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നത്.

Story Highlights: Dhoomam shooting started