പരമ്പര സ്വന്തമാക്കി ഇന്ത്യ; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 7 വിക്കറ്റിന്റെ വിജയം

October 11, 2022

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മൂന്ന് ഏകദിനങ്ങളുടെ പരമ്പര അവസാന മത്സരത്തിലെ അനായാസ വിജയത്തിലൂടെ സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. 7 വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 100 റൺസിന്റെ വിജയലക്ഷ്യം വെറും 19.1 ഓവറിൽ 3 വിക്കറ്റ് നഷ്‌ടത്തിൽ ഇന്ത്യ മറികടന്നു. 49 റൺസെടുത്ത ശുഭ്മൻ ഗിൽ ഇന്ത്യയുടെ ടോപ്പ് സ്കോററായി. ജയത്തോടെ ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി

പരമ്പരയിലെ നിർണായകമായ മൂന്നാം ഏകദിനത്തിൽ വലിയ ബാറ്റിംഗ് തകർച്ചയാണ് ദക്ഷിണാഫ്രിക്ക നേരിട്ടത്. മൂന്നക്കം കാണാൻ കഴിയാതെ ഓൾ ഔട്ടായ ദക്ഷിണാഫ്രിക്കയ്ക്ക് 27.1 ഓവറിൽ 99 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 34 റൺസെടുത്ത ഹെൻറിച്ച് ക്ലാസൻ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് 4 വിക്കറ്റ് വീഴ്ത്തി. ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ ഏകദിന സ്കോറാണിത്.

12 വർഷങ്ങൾക്ക് ശേഷമാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സ്വന്തം തട്ടകത്തിൽ ഇന്ത്യ പരമ്പര സ്വന്തമാക്കുന്നത്. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങിയത്. അതേസമയം മൂന്ന് മാറ്റങ്ങളുമായാണ് ദക്ഷിണാഫ്രിക്കയുടെ ടീം കളത്തിലിറങ്ങിയത്. ഡേവിഡ് മില്ലറായിരുന്നു ഈ മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ നായകൻ.

Read More: “മരിച്ചെന്നറിഞ്ഞപ്പോൾ പോയില്ല, ഓർമ്മയിലെന്നും ആ താടിക്കാരൻ മതി..”; നെടുമുടി വേണുവിന്റെ ഓർമ്മകളിൽ മനസ്സ് തൊടുന്ന കുറിപ്പുമായി മുരളി ഗോപി

ശിഖർ ധവാൻ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ , വാഷിംഗ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ആവേശ് ഖാൻ എന്നിവരാണ് ഇന്ത്യയുടെ പ്ലെയിങ് ഇലവനിലുണ്ടായിരുന്നത്. ക്വിന്റൺ ഡി കോക്ക്, യെനെമാൻ മലാൻ, റീസ ഹെൻഡ്രിക്സ്, എയ്ഡൻ മാർക്രം, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ (ക്യാപ്റ്റൻ), മാർക്കോ ജാൻസൻ, ആൻഡിലെ ഫെഹ്ലുക്വായോ, ജോൺ ഫോർച്യൂയിൻ, ലുങ്കി എൻഗിഡി, എൻറിക് നോർട്ട്ജെ എന്നീ താരങ്ങളാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഇന്നിറങ്ങിയത്.

Story Highlights: India won by 7 wickets against south africa